രാജ്യത്ത് സിഎൻജി വിലയും കുതിച്ചുകയറുന്നു
ഈ വർഷം മാത്രം 28 ശതമാനമാണ് സിഎൻജി വിലയിൽ വർധനവുണ്ടായത്.
രാജ്യത്ത് പെട്രോളും ഡീസലും വിലവർധനയിൽ മത്സരിക്കുമ്പോൾ അവരുടെ അനുജനായി വരുന്ന സിഎൻജിക്ക് വെറുതെയിരിക്കാൻ സാധിക്കുമോ?. അതുകൊണ്ട് ഇനി സിഎൻജി വാഹനം ഓടിക്കുന്നവർക്കും രക്ഷയില്ല. സിഎൻജിക്ക് വില കിലോയ്ക്ക് 61.50 രൂപയായാണ് വർധിച്ചത്. ഈ വർഷം ആരംഭിക്കുമ്പോൾ 47.90 രൂപയായിരുന്നു സിഎൻജിയുടെ വില.
പ്രകൃതിവാതകത്തിന്റെ വില ആഗോളതലത്തിൽ തന്നെ വർധിച്ചതാണ് വില കൂടാനുള്ള കാരണമായി രാജ്യത്തെ പ്രമുഖ സിഎൻജി വിതരണക്കാരായ ദി മഹാനാഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ) ചൂണ്ടിക്കാട്ടി. നവംബർ 26 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് സിഎൻജിയുടെ വിലകൂട്ടുന്നത്. ഈ വർഷം നാലാം തവണയും. ഏറ്റവും ഒടുവിൽ വിലകൂട്ടിയപ്പോൾ 7 ശതമാനമാണ് വില കൂടിയത്. 57.54 രൂപയിൽ നിന്നാണ് 61.50 രൂപയിലെത്തിയത്. ഈ വർഷം മാത്രം 28 ശതമാനമാണ് സിഎൻജി വിലയിൽ വർധനവുണ്ടായത്.
അതേസമയം സിഎൻജി കാറുകളുടെ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമ്പോഴാണ് ഇത്തരത്തിൽ സിഎൻജി വിലയിലും വൻ വർധനവുണ്ടാകുന്നത്. 66 ശതമാനമാണ് സിഎൻജി വാഹനങ്ങളുടെ വിൽപ്പനയിൽ ഈ വർഷം മാത്രം വർധനവുണ്ടായത്. 1,01,412 സിഎൻജി വാഹനങ്ങളാണ് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ വർഷം സെപ്റ്റംബർ വരെ നിരത്തിലിറങ്ങിയത്.
Summary: CNG price also increasing in india