കോയമ്പത്തൂർ സ്‌ഫോടനം: പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി
ഞായറാഴ്ച പുലർച്ചെയാണ് കോയമ്പത്തൂർ നഗരത്തിലെ ഉക്കടം കോട്ടമേട് ക്ഷേത്രത്തിന് സമീപം കാർ പൊട്ടിതെറിച്ച് ജമീഷ മുബീൻ എന്ന യുവാവ് മരിച്ചത്.
കോയമ്പത്തൂർ: കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തിൽ അറസ്റ്റിലായവർക്കെതിരെ യുഎപിഎ ചുമത്തി. കലാപം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷ്ണർ പറഞ്ഞു. സ്‌ഫോടനത്തിൽ കൊല്ലപെട്ട ജമീഷ മുബീൻ വിയ്യൂർ ജയിലിൽ എത്തിയിട്ടില്ലെന്ന് ജയിലധികൃതർ വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെയാണ് കോയമ്പത്തൂർ നഗരത്തിലെ ഉക്കടം കോട്ടമേട് ക്ഷേത്രത്തിന് സമീപം കാർ പൊട്ടിതെറിച്ച് ജമീഷ മുബീൻ എന്ന യുവാവ് മരിച്ചത്. ഗ്യാസിൽ ഓടുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ക്ഷേത്രത്തിന് മുമ്പിലുണ്ടായ അപകടം ചാവേർ ആക്രമണമാണെന്ന ആരോപണങ്ങൾക്ക് പിന്നാലെ തമിഴ്‌നാട് പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലപെട്ട ജമീഷ മുബീന്റെ സുഹൃത്തുക്കളായ ഫിറോസ് ഇസ്മായിൽ, നവാസ് ഇസ്മായിൽ, മുഹമ്മദ് ദൻഹ, മുഹമ്മദ് നിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് പൊലീസ് പിടിയിലായത്.
മുഹമ്മദ് ദൻഹ അൽ ഉമ്മ സ്ഥാപകൻ ബാഷയുടെ സഹോദര പുത്രനാണ്. സ്‌ഫോടനം നടന്ന കാർ 10 തവണ കൈമാറിയിട്ടുണ്ട്. അറസ്റ്റിലായവരുടെ വീടുകളിൽനിന്ന് സ്‌ഫോടക വസ്തുക്കൾ ലഭിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.