കബഡി കളിക്കിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
എതിർ ടീമിനെ തൊടാൻ അവരുടെ കളത്തിലേക്ക് പോയ കീർത്തിക് രാജിനെ ആകാശ് കോളജ് ടീം പിടികൂടിയിരുന്നു.
മുംബൈ: കബഡി ടൂർണമെന്റിനിടെ കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. മുംബൈ മലാഡിൽ വ്യാഴാഴ്ചയാണ് സംഭവം. ഗോരേഗാവ് വിവേക് കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥി കീർത്തിക് രാജ് മല്ലൻ (20) ആണ് മരിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ടൂർണമെന്റിൽ വിവേക് കോളജും ആകാശ് കോളേജും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു വിദ്യാർഥി കുഴഞ്ഞുവീണത്. എതിർ ടീമിനെ തൊടാൻ അവരുടെ കളത്തിലേക്ക് പോയ കീർത്തിക് രാജിനെ ആകാശ് കോളജ് ടീം പിടികൂടിയിരുന്നു.
തുടർന്ന് കളിയിൽ നിന്ന് പുറത്തായ താരം ബൗണ്ടറി ലൈനിന് പുറത്തേക്ക് പോവുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുന്നത് വീഡിയോയിൽ കാണാം. ഇരു ടീമംഗങ്ങളും ഉടൻ ഓടിയെത്തി താങ്ങിയെടുത്തു. വിദ്യാർഥികൾ ഉടൻ തന്നെ മലാഡ് പൊലീസിൽ വിവരം അറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല.
മുംബൈ ഗോരേഗാവ് സന്തോഷ് നഗർ സ്വദേശിയായ കീർത്തിക് രാജ് മല്ലന്റെ മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
'ഹൃദയാഘാതമാണ് മരണകാരമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ പറയാനാവൂ'- പൊലീസ് അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ശതാബ്ദി ആശുപത്രിയിലേക്ക് മാറ്റി.