പഞ്ചാബിലേക്ക് വരൂ, നിങ്ങളെ ഞങ്ങൾ സംരക്ഷിക്കും; ബിൽക്കീസ് ബാനുവിനോട് പഞ്ചാബി ഗായകൻ റബ്ബി ഷെർഗിൽ
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തിലാണ് ഗുജറാത്ത് സർക്കാർ ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചത്. 2008 ജനുവരി 21-നാണ് പ്രത്യേക സിബിഐ കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ന്യൂഡൽഹി: 2002 ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ് ബാനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബി ഗായകൻ റബ്ബി ഷെർഗിൽ. ബിൽക്കീസ് ബാനുവിനെ പഞ്ചാബിലേക്ക് ക്ഷണിച്ച ഷെർഗിൽ പൂർണ സംരക്ഷണം വാഗ്ദാനം ചെയ്തു. ബിൽക്കീസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചതിനെക്കുറിച്ച് എൻഡിടിവി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുമ്പോഴാണ് ഷെർഗിലിന്റെ പ്രസ്താവന.
''നിങ്ങൾ പഞ്ചാബിലേക്ക് വരൂ, ഞങ്ങളുടെ അവസാന തുള്ളി രക്തവും നൽകി നിങ്ങളെ സംരക്ഷിക്കും. സർദാർമാർ നിങ്ങളെ പരിപാലിക്കും. അത് എന്റെ സമൂഹത്തിന്റെ മാത്രം കാര്യമല്ല. വ്യക്തിപരമായി അവളെ കെട്ടിപ്പിടിച്ച് അവളുടെ വേദന ഞങ്ങളുടെ വേദനയാണെന്ന് അവളോട് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അവൾ ഒറ്റയ്ക്കല്ല''-ഷെർഗിൽ പറഞ്ഞു.
75-ാം സ്വാതന്ത്ര്യദിനത്തിലാണ് ഗുജറാത്ത് സർക്കാർ ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചത്. 2008 ജനുവരി 21-നാണ് പ്രത്യേക സിബിഐ കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പിന്നീട് ബോംബെ ഹൈക്കോടതി പ്രതികളുടെ ശിക്ഷ ശരിവെച്ചു.
1992ലെ മാപ്പ് നൽകൽ നയപ്രകാരമാണ് ഗുജറാത്ത് സർക്കാർ പ്രതികളെ വിട്ടയച്ചത്. എന്നാൽ ബലാത്സംഗക്കേസിലെയും കൊലക്കേസിലെയും പ്രതികൾക്ക് ഇത് ബാധകമല്ലെന്ന മാനദണ്ഡം മറികടന്നാണ് ഗുജറാത്ത് സർക്കാറിന്റെ നടപടിയെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന വിമർശനം. ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികൾ അവരുടെ ഒരു കുഞ്ഞിനെ അടക്കം ഏഴു ബന്ധുക്കളെയാണ് കൊലപ്പെടുത്തിയത്.