ഹിന്ദുത്വയെ ഐ.എസ് ഭീകര സംഘടനയുമായി താരതമ്യം: സൽമാൻ ഖുർഷിദിനെതിരെ കേസ് എടുക്കാൻ ഉത്തരവ്
സൽമാൻഖുർഷിദ് രചിച്ച 'സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്' എന്ന പുസ്തകത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് ലക്‌നൗ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
ഹിന്ദുത്വയെ ബോക്കോ ഹറാം, ഐഎസ് എന്നീ ഭീകര സംഘടനകളുമായി താരതമ്യം ചെയ്തതിന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ്. അദ്ദേഹം രചിച്ച 'സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്' എന്ന പുസ്തകത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് ലക്‌നൗ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
മൂന്ന് ദിവസത്തിനകം എഫ്‌ഐആറിന്റെ പകർപ്പ് കോടതിയിൽ സമർപ്പിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു. നേരത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയിരുന്നു. പുസ്തകത്തിന്റെ പ്രസിദ്ധീകരണവും പ്രചാരണവും വില്‍പനയും തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിന്ദാല്‍ സമർപ്പിച്ച ഹർജിയാണ് തള്ളിയിരുന്നത്.
പുസ്തകത്തില്‍ 'ഹിന്ദുത്വ'യെ തീവ്രവാദ സംഘങ്ങളായ ഐഎസ്, ബൊക്കോ ഹറാം തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുന്നുണ്ടെന്നും ഇത് മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും അഭിഭാഷകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പുസ്തകം പൊതുസമാധാനം തകരാന്‍ കാരണമാകുമെന്നും സമാധാനം നിലനിര്‍ത്തേണ്ടത് എല്ലാ വ്യക്തികളുടെയും കടമയാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.
അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട പുസ്തകമാണ് 'സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്'. 'ഹിന്ദുത്വ'യെ തീവ്ര ഇസ്ലാമിക ഭീകര സംഘടനകളുമായി താരതമ്യപ്പെടുത്തി എന്ന ആരോപണത്തെ തുടര്‍ന്ന് നേരത്തെ തന്നെ പുസ്തകത്തെ കുറിച്ച് വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ തന്റെ പുസ്തകം ഹിന്ദുമതത്തെ പിന്തുണയ്ക്കുന്നതും ഹിന്ദുത്വയെ ചോദ്യംചെയ്യുന്നതുമാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കിയിരുന്നു. ഹിന്ദു മതവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസം സമൂഹത്തിന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comparing 'Sanatan' Hindu religion with ISIS: Court orders FIR against Salman Khurshid for comments in his book