കിർഗിസ്ഥാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി
ജോലിയോ ഭക്ഷണമോ ലഭിക്കാതെ പത്തോളം പേരാണ് കിർഗിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നത്
തിരുവനന്തപുരം:ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനം തട്ടിപ്പ് നടത്തിയതായി പരാതി.പാറശ്ശാല സ്വദേശിയായ വിപിനടക്കം പത്ത് പേർ കിർഗിസ്ഥാനിൽ കുടുങ്ങി. കളിയിക്കാവിള കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. 1.80 ലക്ഷം രൂപവീതം ഈ സ്ഥാപനം കൈപ്പറ്റിയെന്നും വിപിൻ പറയുന്നു.
കഴിഞ്ഞ പതിനഞ്ചിന് ഡൽഹിയിൽ നിന്നാണ് പത്ത് പേരെ കിർഗിസ്ഥാനിലേക്ക് കയറ്റിയച്ചത്. അവിടെ ജോലിയും മറ്റും സംവിധാനങ്ങളും ശരിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് നൽകിയ ശേഷമാണ് സ്വകാര്യ സ്ഥാപനം കിർഗിസ്ഥാനിലേക്ക് അയച്ചത്. വലിയ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ ജോലിയോ മറ്റു സംവിധാനങ്ങളൊ ഇല്ലായിരുന്നു.
ഭക്ഷണവും വെള്ളവും പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. വീട്ടിൽ നിന്ന് അയച്ചുതന്ന പണമുപയോഗിച്ചാണ് കിർഗിസ്ഥാനിൽ കഴിയുന്നതെന്നും വിപിൻ പറയുന്നു. കിർഗിസ്ഥാനിൽ എത്തിയശേഷം പിന്നീട് സ്ഥാപനം ബന്ധപെട്ടില്ലെന്നും അവർ പറയുന്നു. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുടുങ്ങിയവരിൽ തമിഴ്നാട് സ്വദേശികളുമുണ്ടെന്നാണ് വിവരം.