'അപലപനീയവും അങ്ങേയറ്റം ലജ്ജാകരവും'; കോണ്ടം പരാമർശത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥയോട് വിശദീകരണം തേടി ദേശീയവനിതാകമ്മീഷൻ
കഴിഞ്ഞദിവസമാണ് സാനിറ്ററി നാപ്കിൻ ആവശ്യപ്പെട്ട സ്‌കൂൾ വിദ്യാർഥിനിയെ പരസ്യമായി പരിഹസിച്ചത്
പട്ന: കുറഞ്ഞ ചെലവിൽ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ച വിദ്യാർഥിയാട് രൂക്ഷമായി പ്രതികരിച്ച ഐഎഎസ് ഉദ്യോഗസ്ഥയോട് വിശദീകരണം തേടി ദേശീയ വനിതാകമ്മീഷൻ. ഏഴുദിവസത്തിനകം സംഭവത്തിനെ കുറിച്ച് വിശദീകരണം നൽകാനാണ് ബിഹാർ വനിതാ വികസന കോർപ്പറേഷൻ (ഡബ്ല്യുഡിസി) മാനേജിംഗ് ഡയറക്ടർ ഹർജോത് കൗർ ബംഹ്റയോട് കമ്മീഷൻ ആവശ്യപ്പെട്ടത്.
ബിഹാറിൽ 9-10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി വനിതാ ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെയായിരുന്നു സംഭവം.
'സാനിറ്ററി നാപ്കിൻ ആവശ്യപ്പെട്ട സ്‌കൂൾ വിദ്യാർഥിനിയെ പരസ്യമായി പരിഹസിച്ച ഐഎഎസ് ഓഫീസറും ഡബ്ല്യുസിഡിസി ബീഹാറിലെ എംഡിയും നടത്തിയ പരാമർശം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടിയെടുത്തത്. ഉത്തരവാദപ്പെട്ട പദവിയിലുള്ള ഒരു വ്യക്തിയിൽ നിന്നുള്ള ഇത്തരം നിർവികാര മനോഭാവം അപലപനീയവും അങ്ങേയറ്റം ലജ്ജാകരവുമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. എൻസിഡബ്ല്യു വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ദേശീയ വനിതാകമ്മീഷൻ വ്യക്തമാക്കി. അനുചിതവും അങ്ങേയറ്റം ആക്ഷേപകരവുമായ പരാമർശങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ചെയർപേഴ്സൺ രേഖ ശർമ്മ ഹർജോത് കൗർ ഭാംറയ്ക്ക് കത്തയച്ചത്.
20-30 രൂപക്ക് സാനിറ്ററി നാപ്കിൻ വിതരണം ചെയ്യാനാവുമോ എന്നായിരുന്നു പരിപാടിക്കിടെ വിദ്യാർഥിനി ചോദിച്ചത്. ''നാളെ നിങ്ങൾ സർക്കാർ ജീൻസ് നൽകണമെന്ന് പറയും, അതുകഴിഞ്ഞ് ഷൂസ് നൽകണമെന്ന് വഴിയെ സർക്കാർ കുടുംബാസൂത്രണത്തിനുള്ള ഉപാധി, അതായത് കോണ്ടവും നൽകണമെന്ന് നിങ്ങൾ പറയും''-ഇതായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥയായ ഹർജോത് കൗർ ഭമ്രയുടെ പ്രതികരണം.
ജനങ്ങളുടെ വോട്ടുകളാണ് സർക്കാറിനെ ഉണ്ടാക്കുന്നത് എന്നായിരുന്നു മറ്റൊരു വിദ്യാർഥിയുടെ പ്രതികരണം. ആ ചിന്ത വിഡ്ഢിത്തമാണെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. അങ്ങനെയെങ്കിൽ വോട്ട് ചെയ്യരുത്, പാകിസ്താനാവുകയാണോ ഉദ്ദേശം? നിങ്ങൾ പണത്തിനും സൗകര്യത്തിനും വേണ്ടി വോട്ട് ചെയ്യുമോ എന്നും അവർ ചോദിച്ചു. എന്നാൽ താൻ ഇന്ത്യക്കാരിയാണെന്നും എന്തിനാണ് പാകിസ്താനിയാവുന്നതെന്നും പെൺകുട്ടി തിരിച്ചു ചോദിച്ചു.
സ്‌കൂളിലെ ശുചിമുറിയുടെ ശോചനീയാവസ്ഥയെക്കുറിച്ചായിരുന്നു മറ്റൊരു വിദ്യാർഥിയുടെ ചോദ്യം. എന്നാൽ എല്ലാം സർക്കാർ നൽകണമെന്ന ചിന്ത തെറ്റാണെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. വീട്ടിൽ നിങ്ങൾക്ക് പ്രത്യേക ശുചിമുറിയുണ്ടോ? എപ്പോഴും നിങ്ങൾ പലസ്ഥലങ്ങളിലായി പല കാര്യങ്ങൾ ആവശ്യപ്പെട്ടാൽ അത് എങ്ങനെ നടക്കും? എല്ലാം സർക്കാർ നൽകണമെന്ന ചിന്ത തെറ്റാണ്. ഇതൊക്കെ നിങ്ങൾ സ്വയം ചെയ്യണമെന്നും ഉദ്യോഗസ്ഥ പറഞ്ഞു.
അതേസമയം, സംഭവം വിവാദമായതോടെ തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. സ്ത്രീകളുടെ അവകാശങ്ങൾക്കും ശാക്തീകരണത്തിനുമായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ് താൻ. സമൂഹത്തിൽ തനിക്കുള്ള വില തകർക്കാനാണ് ഇത്തരം വിവാദങ്ങളെന്നും അവർ വിശദീകരിച്ചു.