കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; കമൽനാഥിന് സീറ്റില്ല
56 രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്
ന്യൂഡൽഹി: രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. എ.ഐ.സി.സി ട്രഷറർ അജയ് മാക്കൻ, ഡോ. സെയ്ദ് നസീർ ഹുസൈൻ, ജി.സി. ചന്ദ്രശേഖർ എന്നിവർ കർണാടകയിൽനിന്ന് മത്സരിക്കും. മധ്യപ്രദേശിൽനിന്ന് അശോക് സിങ്ങാണ് മത്സരിക്കുക. മുൻ കേന്ദ്ര മന്ത്രി രേണുക ചൗധരിയും എം. അനിൽ കുമാർ യാദവും തെലങ്കാനയിൽനിന്നുള്ള സ്ഥാനാർഥികളാണ്.
56 രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിൽ പത്ത് സീറ്റിലാണ് കോൺഗ്രസിന് വിജയിക്കാൻ സാധിക്കുക. മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി കമൽനാഥ് സീറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാർട്ടി തള്ളി. വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
ബുധനാഴ്ച രാവിലെ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. രാജസ്ഥാനിൽനിന്നാണ് അവർ മത്സരിക്കുന്നത്. ബിഹാറിൽനിന്ന് ഡോ. അഖിലേഷ് പ്രസാദ് സിങ്, ഹിമാചൽ പ്രദേശിൽനിന്ന് അഭിഷേക് മനു സിങ്‍വി, മഹാരാഷ്ട്രയിൽനിന്ന് ചന്ദ്രകാന്ത് ഹാന്ദോർ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.