കോൺഗ്രസ് സ്ഥാനാർഥികൾ റിസോർട്ടുകളിൽ, ബി.ജെപി നേതൃത്വം ഡൽഹിയിലും; ഗോവയില്‍ കരുനീക്കങ്ങളുമായി ദേശീയ പാര്‍ട്ടികള്‍

40 അംഗ ഗോവ നിയമസഭയില്‍ 21 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാൻ വേണ്ടത്

Update: 2022-03-08 14:53 GMT
Advertising

എക്സിറ്റ്‍പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഗോവയ്ക്കു വേണ്ടിയുള്ള കരുനീക്കങ്ങളുമായി ദേശീയ പാര്‍ട്ടികള്‍. ഏഴുഘട്ടങ്ങളിലായി അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്നലത്തോടെ പൂര്‍ത്തിയായിരുന്നു. പിന്നാലെ വന്ന എക്സിറ്റ്‍പോളുകളില്‍ മിക്കതും ഗോവയില്‍ തൂക്കുസഭ വരുമെന്നാണ് പ്രവചിക്കുന്നത്. 2017ല്‍ വലിയ ഒറ്റകക്ഷിയായിട്ടും ഭരണം പിടിക്കാനാകാതെ പോയ അനുഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള ആസൂത്രണങ്ങളും ചരടുവലികളും ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം, എന്തുവില കൊടുത്തും ഗോവ നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ ബി.ജെ.പിയും അണിയറയില്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ട്രബിള്‍ഷൂട്ടറാകാന്‍ ഒരുമുഴം മുന്‍പേ ഡി.കെ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റിയതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ 'റിസോർട്ട് രാഷ്ട്രീയ'ത്തിൽ പേരുകേട്ട കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെയാണ് കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡി.കെയെ ഇതിനകം തന്നെ പാര്‍ട്ടി നേതൃത്വം ഗോവയിലേക്ക് അയച്ചിട്ടുണ്ട്.

കോൺഗ്രസ് ഉന്നതാധികാര സമിതിയുടെ നിർദേശപ്രകാരം പ്രത്യേക വിമാനത്തിലാണ് ശിവകുമാർ ഗോവയിലേക്ക് പുറപ്പെട്ടത്. ഫലം പുറത്തുന്നതിനു മുന്‍പായി അടുത്ത ദിവസങ്ങളിലെല്ലാം അദ്ദേഹം ഗോവയിൽ ക്യാംപ് ചെയ്യുമെന്നാണ് അറിയുന്നത്. മുതിര്‍ന്ന നേതാവ് പി. ചിദംബരം സംസ്ഥാനത്തെ നേതാക്കളെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. 

തെരഞ്ഞടുപ്പ് മോഷ്ടിക്കുന്നവർ ചുറ്റുമുണ്ടെന്നും ഇത്തവണ കൊള്ളയടിക്കപ്പെടില്ലെന്നും കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. കഴിഞ്ഞ തവണത്തെ ദുരനുഭവം ഇല്ലാതിരിക്കാുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും ചിദംബരം വ്യക്തമാക്കി.

പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും കോൺഗ്രസ് വൻ മുന്നേറ്റമുണ്ടാക്കുമെന്ന് ഡി.കെ ശിവകുമാർ എ.എൻ.ഐയോട് പറഞ്ഞു. വൻ ഭൂരിപക്ഷത്തോടെ ഗോവയിൽ അധികാരം നേടുമെന്നും പാർട്ടി നേതാക്കളെ സഹായിക്കാനായി ഗോവയിലേക്ക് പുറപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017ൽ ഐടി റെയ്ഡുകൾ നേരിട്ടപ്പോഴും 44 കോൺഗസ് എംഎൽഎമാരെ ശിവകുമാർ അതേ റിസോർട്ടിൽ സംരക്ഷിച്ചിരുന്നു. കൂടാതെ 2003ലും 2018ലെ കർണാടക തെരഞ്ഞെടുപ്പിന് ശേഷവും 2019ൽ എംഎൽഎ മാർ രാജിവച്ചപ്പോഴും ശിവകുമാറായിരുന്നു അവരെ റിസോർട്ടിൽ താമസിപ്പിച്ചിരുന്നത്.

മുൻ കർണാടക കോൺഗ്രസ് അധ്യക്ഷനും പാർട്ടി ജനറൽ സെക്രട്ടറിയുമായ ദിനേഷ് ഗുണ്ടു റാവുവിനാണ് ഗോവയിലെ കോൺഗ്രസിന്റെ ചുമതല. ബിജെപിയല്ലാത്ത ഏത് പാർട്ടിയുമായും ഞങ്ങൾ തുറന്ന സഖ്യത്തിന് തയ്യാറാണെന്നും എഎപി ആയാലും തൃണമൂൽ ആയാലും ഗോവയിൽ ബിജെപിക്കെതിരെയുള്ള ഏത് പാർട്ടിയുമായും ഗോവയിൽ സഖ്യമുണ്ടാക്കുമുണ്ടാക്കുമെന്നും ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

ബി.ജെപിയുടെ പ്രതീക്ഷകള്‍

40 അംഗ ഗോവ നിയമസഭയില്‍ 21 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാൻ വേണ്ടത്. നാല് എക്സിറ്റ് പോളുകൾ ബി.ജെ.പിക്ക് മുൻതൂക്കം നൽകിയെങ്കിലും 21 എന്ന കടമ്പ കടക്കാനാവുമെന്നു തന്നെയാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു. പാര്‍ട്ടിക്കുള്ള സാധ്യതകള്‍ അദ്ദേഹവുമായി ചർച്ച ചെയ്തു. സാവന്ത് മറ്റു നേതാക്കളെയും കാണാൻ സാധ്യതയുണ്ട്. ഗോവയില്‍ ബിജെപിയുടെ ചുമതലയുണ്ടായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിനെ കാണാന്‍ മുംബൈയിലേക്ക് പുറപ്പെടും.

40ൽ 20 സീറ്റിൽ കൂടുതൽ ബിജെപി ജയിക്കുമെന്നും പ്രാദേശിക പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ഫെബ്രുവരി 14-ന് ഒറ്റഘട്ടമായാണ് ഗോവയിൽ വോട്ടെടുപ്പ് നടന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് ഇത്തവണ വന്‍മുന്നൊരുക്കളാണ് തുടങ്ങിയിരിക്കുന്നത്. ചെറിയ പാര്‍ട്ടികളെ ഒപ്പംനിര്‍ത്തി  അധികാരം പിടിക്കാൻ തന്നെയാണ് ബിജെപി ഇത്തവണയും ശ്രമിക്കുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News