യുവതികള്‍ക്ക് വിവാഹസഹായമായി 10 ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും,വിദ്യാര്‍ഥിനികള്‍ക്ക് ഇ-സ്കൂട്ടര്‍; തെലങ്കാനയില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

കാര്‍ഷികാവശ്യങ്ങള്‍ക്കായി 24 മണിക്കൂറും സൗജന്യ വൈദ്യുതി നല്‍കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു

Update: 2023-11-17 06:30 GMT
Editor : Jaisy Thomas | By : Web Desk

കോണ്‍ഗ്രസ്

Advertising

ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. എല്ലാ മേഖലയെയും പരിഗണിച്ചുകൊണ്ടുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. യുവതികള്‍ക്ക് വിവാഹസഹായമായി 10 ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കും. 18 വയസു കഴിഞ്ഞ എല്ലാ വിദ്യാര്‍ഥിനികള്‍ക്ക് ഇ-സ്കൂട്ടറുകള്‍ നല്‍കുമെന്നാണ് വാഗ്ദാനം.

കാര്‍ഷികാവശ്യങ്ങള്‍ക്കായി 24 മണിക്കൂറും സൗജന്യ വൈദ്യുതി നല്‍കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. അധികാരം ഏറ്റെടുത്ത് ആറുമാസത്തിനകം അധ്യാപക ഒഴിവുകള്‍ നികത്തും. കൂടാതെ, തെലങ്കാന പ്രക്ഷോഭത്തിലെ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് പ്രതിമാസം 25,000 രൂപ പെൻഷനും കുടുംബത്തിന് സർക്കാർ ജോലിയും പ്രകടനപത്രിക ഉറപ്പുനൽകുന്നു.പ്രതിവർഷം 2 ലക്ഷം രൂപയുടെ വിള വായ്പ എഴുതിത്തള്ളലും 3 ലക്ഷം രൂപ വരെയുള്ള പലിശരഹിത വിള വായ്പയും കർഷകർക്ക് പ്രയോജനപ്പെടും.

എല്ലാ ദിവസവും ക്യാമ്പ് ഓഫീസില്‍ മുഖ്യമന്ത്രിയുടെ 'പ്രജ ദര്‍ബാര്‍' നടത്തുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. പ്രധാന വിളകൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി കൊണ്ടുവരും. ഓരോ ഓട്ടോ ഡ്രൈവറുടെയും അക്കൗണ്ടിൽ പ്രതിവർഷം 12,000 രൂപ നിക്ഷേപിക്കും. മദ്യശാലകൾ നിർത്തലാക്കും.ആടുവളർത്തലിന് യാദവർക്കും കുറുമകൾക്കും 2 ലക്ഷം രൂപ നേരിട്ട് ധനസഹായം നല്‍കും.സ്വാശ്രയ സംഘങ്ങൾക്കുള്ള വായ്പാ പരിധി 10 ലക്ഷം രൂപയായി ഉയർത്തുമെന്നും പ്രകടന പത്രികയിലുണ്ട്. എല്ലാ ജില്ലയിലും ഗുരുകുല സ്പോര്‍ട്സ് സ്കൂളുകള്‍ ആരംഭിക്കും.ഹൈദരാബാദിലെ കനാലുകള്‍ ആധുനികവത്ക്കരിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News