ആർ.എസ്.എസിന് എതിരെയാണ് കോൺഗ്രസിന്റെ പോരാട്ടം, മോദിയോട് പോരാടുന്നതായി മമത അഭിനയിക്കുന്നു: രൺധീപ് സുർജെവാല
കോൺഗ്രസാണോ ബിജെപിയാണോ മുഖ്യശത്രുവെന്ന് മമത വ്യക്തമാക്കണമെന്നും അവസരവാദം നന്നല്ലെന്നും സുർജെവാല
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയല്ല, ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തിന് എതിരെയാണ് കോൺഗ്രസിന്റെ പോരാട്ടമെന്നും മോദിയോട് പോരാടുന്നതായി മമത അഭിനയിക്കുകയാണെന്നും കോൺഗ്രസ് വക്താവ് രൺധീപ് സുർജെവാല. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമത ബിജെപി മന്ത്രിസഭയിൽ അംഗമായിരുന്നുവെന്നും തൃണമൂൽ കോൺഗ്രസ് ബിജെപിയുടെ സഖ്യകക്ഷിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസാണോ ബിജെപിയാണോ മുഖ്യശത്രുവെന്ന് മമത വ്യക്തമാക്കണമെന്നും അവസരവാദം നന്നല്ലെന്നും സുർജെവാല പറഞ്ഞു. ഗോവയിൽ ബിജെപിയെ തോൽപ്പിച്ചു കോൺഗ്രസ് തിരിച്ചു വരാനിരിക്കെയാണ് തൃണമൂൽ മത്സരിക്കുന്നതെന്നും ബിജെപിയെ സഹായിക്കുന്നതാണ് മമതയുടെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും കൺസൾട്ടൻസികൾക്ക് മറുപടി ഇല്ലെന്നും തൃണമൂലിനായി പ്രവർത്തിക്കുന്ന കൺസൾട്ടൻറ് പ്രശാന്ത് കിഷോറിനെ പരിഹസിച്ച് സുർജെവാല പറഞ്ഞു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യമില്ലെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നു. പൊതുജന താൽപര്യം മുൻനിർത്തി മറ്റുപാർട്ടികളുമായി സഹകരിക്കുമെന്നായിരുന്നു അവരുടെ നിലപാട്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ 29ന് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തൃണമൂൽ പങ്കെടുത്തിരുന്നില്ല. കോൺഗ്രസ് സ്വന്തം പാർട്ടിക്കുള്ളിൽ കൂട്ടായ്മയുണ്ടാക്കിയ ശേഷം മറ്റു പാർട്ടികളുമായി കൂട്ടായ്മക്ക് ശ്രമിച്ചാൽ മതിയെന്നായിരുന്നു ഒരു തൃണമൂൽ നേതാവ് പറഞ്ഞത്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനർജിയെ ദേശീയ നേതാവായി ഉയർത്താനുള്ള നീക്കത്തിലാണ് തൃണമൂൽ കോൺഗ്രസ്. ബംഗാളിന് പുറമെ ത്രിപുര, അസം, ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്വാധീനമുണ്ടാക്കാൻ പാർട്ടി നീക്കം നടത്തുന്നുണ്ട്. ബിജെപിയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്ന് നേരത്തെ തൃണമൂൽ നേതാക്കൾ വിമർശിച്ചിരുന്നു.