ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ മുൻ ആപ് എംഎൽഎയെ കളത്തിലിറക്കി കോൺഗ്രസ്
മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷിക്കെതിരെ കേന്ദ്ര മഹിളാ വിങ് പ്രസിഡന്റ് അൽഖ ലംബയെ സ്ഥാനാഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്. കൽക്കാജി മണ്ഡലത്തിലാണ് അതിഷിയുടെ എതിരാളിയായി അൽഖ മത്സരിക്കുക.
എഎപിയിൽ നിന്ന് കോൺഗ്രസിലേക്ക് വന്നയാളാണ് അൽഖ. ചെറുപ്രായത്തിൽ തന്നെ കോൺഗ്രസ് പാർട്ടി അംഗമായിരുന്ന അൽഖ 2016 കോൺഗ്രസിൽനിന്ന് രാജിവെച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നു. 2015 - 19 കാലയളവിൽ ചാന്ദിനി ചൗക്കിൽ ആം ആദ്മി പാർട്ടി എംഎൽഎയായിരുന്നു. രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാനുള്ള എഎപി സർക്കാരിെൻറ നീക്കത്തെ തുടർന്ന് 2019 ൽ പാർട്ടിയിൽനിന്ന് രാജിവെച്ച് തിരികെ കോൺഗ്രസിലേക്ക് വരികയായിരുന്നു.
അതിഷിയോട് ഏറ്റുമുട്ടുേമ്പാൾ മുഖ്യമന്ത്രിയോട് മത്സരിക്കുന്നതുപോലെ തോന്നുന്നില്ലെന്ന് അൽഖ പറഞ്ഞു. അതിഷി ഒരു താൽക്കാലിക മുഖ്യമന്ത്രിയാണെന്നാണ് കെജ്രിവാൾ പോലും പറയുന്നത്, അവർക്ക് ഒരു മാസമാണ് ബാക്കിയുള്ളത്.' മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന സ്ത്രീ എന്ന നിലയിൽ താൽക്കാലിക മുഖ്യമന്ത്രി എന്ന വിളിക്കുന്നവരോട് അവർ നിലപാട് വ്യക്തമാക്കണമെന്നും അൽഖ പ്രതികരിച്ചു.
എഎപിയിലെ താര നേതാക്കൾക്കെതിരെ മുതിർന്ന നേതാക്കളെയാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്. ന്യൂഡൽഹിയിൽ അരവിന്ദ് കെജ്രിവാളിനെതിരെ അന്തരിച്ച ഡൽഹി മുഖ്യമന്ത്രി ഷീലാ ദിക്ഷിതിന്റെ മകനും മുൻ എംപിയുമായ സന്ദീപ് ദീക്ഷിതാണ് മത്സരിക്കുന്നത്. എഎപിയുടെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ മുൻ ഡൽഹി മേയർ ഫർഹാദ് സൂറിയാണ് കളത്തിലിറങ്ങുക.
കോൺഗ്രസ് ഡൽഹി യൂണിറ്റ് പ്രസിഡൻറ് ദേവേന്ദർ യാദവ്, ദേശീയ പട്ടികജാതി വകുപ്പ് ചെയർമാൻ രാജേഷ് ലിലോത്തിയ, മുൻ മന്ത്രി ഹാറൂൺ യൂസഫ്, ഡൽഹിയിലെ പ്രമുഖ നേതാക്കളായ ജയ് കിഷൻ, രാഗിണി നായക്, അനിൽ ഭരദ്വാജ്, ആദർശ് ശാസ്ത്രി, അഭിഷേക് ദത്ത്, ജയ് പ്രകാശ് എന്നിവരുടെ സ്ഥാനാർത്ഥിത്വവും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
48 സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി 22 സീറ്റുകളിലേക്കുള്ള പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിച്ച കോൺഗ്രസും ആം ആദ്മി പാർട്ടിയും, നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾക്ക് ആം ആദ്മി പാർട്ടിയോട് അനുഭാവമുണ്ടെങ്കിലും ഡൽഹിയിലെ പ്രമുഖ നേതാവായ ട്രഷറർ അജയ് മാക്കനും മറ്റുള്ളവരും കെജ്രിവാളിെൻറ നേതൃത്വത്തിലുള്ള പാർട്ടിയുമായി ബന്ധം സ്ഥാപിക്കാൻ താൽപ്പര്യപ്പെടുന്നില്ല.
കെജ്‌രിവാളിനെ ദേശവിരുദ്ധനെന്നും കെജ്‌രിവാളിൻ്റെ 49 ദിവസത്തെ സർക്കാരിന് പാർട്ടി പിന്തുണ നൽകിയതാണ് തലസ്ഥാനത്ത് പാർട്ടി ദുർബലമാകാനുള്ള പ്രധാന കാരണമെന്നും മാക്കൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇൻഡ്യാ സഖ്യത്തിൽനിന്ന് കോൺഗ്രസിനെ പുറത്താക്കാൻ മറ്റു പാർട്ടികളോട് ആവശ്യപ്പെടുമെന്നാണ് എഎപി തിരിച്ചടിച്ചത്. മാക്കനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബിജെപി കൂട്ടകെട്ട് നടക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്നും എഎപി ആരോപിക്കുകയുണ്ടായി.