'കുംഭമേളയിൽ ബോംബ് സ്‌ഫോടനം'; മുസ്‍ലിം സുഹൃത്തിനെ കള്ളക്കേസിൽ കുടുക്കാൻ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി ഭീഷണി, യുവാവ് അറസ്റ്റില്‍
ബിഹാര്‍ പൂർണിയയിലെ ഷാഹിദ്ഗഞ്ച് സ്വദേശി ആയുഷ് കുമാർ ആണ് അറസ്റ്റിലായത്
ലഖ്‌നൗ: മുസ്‌ലിം സുഹൃത്തിന്റെ പേരിൽ കുംഭമേളയ്‌ക്കെതിരെ ബോംബ് സ്‌ഫോടന ഭീഷണി സന്ദേശം അയച്ച വിദ്യാർഥി അറസ്റ്റിൽ. സുഹൃത്തായ നാസർ പഠാന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാ ഐഡി നിർമിച്ചായിരുന്നു ബോംബ് ഭീഷണി. ആയുഷ് കുമാർ ജൈസ്വാൾ എന്നയാളാണ് ബിഹാറിൽ അറസ്റ്റിലായത്. സുഹൃത്തിനോടുള്ള പകയാണ് ഇത്തരമൊരു കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണു പ്രതി പൊലീസിന് മൊഴി നൽകിയതെന്ന് 'സീ ന്യൂസ്' റിപ്പോർട്ട് ചെയ്തു.
ജനുവരി 13നാണ് ഈ വർഷത്തെ കുംഭമേളയ്ക്കു തുടക്കമാകുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ഡിസംബർ 31ന് 'നാസർ ഖട്ടാർ മിയാൻ' എന്ന പേരിലുള്ള ഒരു ഇൻസ്റ്റഗ്രാം ഐഡിയിൽ മേളയ്‌ക്കെതിരെ ബോംബ് ഭീഷണിയുമായി ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കുംഭമേളയിൽ ബോംബ് സ്‌ഫോടനം നടത്തി ആയിരം ഭക്തരെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഹിന്ദുക്കൾക്കെതിരായ അധിക്ഷേപങ്ങളുമായും അക്കൗണ്ടിൽ പോസ്റ്റുകളുണ്ടായിരുന്നു.
പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രയാഗ്‌രാജ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണെന്നു കണ്ടെത്തി. തുടർന്ന് അക്കൗണ്ട് നിർമിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണു പ്രതി ആയുഷ് കുമാറിനെ ഇന്ന് ബിഹാറിലെ പൂർണിയയിൽനിന്ന് പൊലീസ് പിടികൂടിയത്.
പൂർണിയയിലെ ഭവാനിപൂരിലുള്ള ഷാഹിദ്ഗഞ്ച് സ്വദേശിയാണു ആയുഷ് കുമാർ. ഭവാനിപൂർ പൊലീസിന്റെ സഹായത്തോടെ ഇവിടെ മണിക്കൂറുകളോളം നടന്ന റെയ്ഡിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുഹൃത്തുമായുണ്ടായ തർക്കമാണ് ഇത്തരമൊരു കൃത്യത്തിലേക്കു നയിച്ചതെന്നാണ് പ്രതി പൊലീസിനു നൽകിയ മൊഴിയെന്നാണു വിവരം. യുവാവിനെ കള്ളക്കേസിൽ കുടുക്കി പ്രതികാരം തീർക്കുകയായിരുന്നു ലക്ഷ്യം. ഇതിനു വേണ്ടിയാണ് വ്യാജ ഇൻസ്റ്റഗ്രാം ഐഡിയുണ്ടാക്കി ഭീകരാക്രമണ ഭീഷണി നടത്തിയതെന്ന് പൊലീസ് പറയുന്നു.
അക്കൗണ്ടിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത ശേഷം ആയുഷ് കുമാർ നേപ്പാളിലേക്കു കടന്നിരുന്നു. നേപ്പാളിൽ എവിടേക്കാണു പോയതെന്നും അവിടെ ആരെയൊക്കെ കണ്ടെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിക്കൊപ്പം യാത്ര ചെയ്തവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബോംബ് ഭീഷണിക്കു പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.
കഴിഞ്ഞ ദിവസം സിഖ് വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നുന്റെ പേരിലും കുംഭമേളയ്‌ക്കെതിരെ ഭീഷണി സന്ദേശം പുറത്തിറങ്ങിയിരുന്നു. കുംഭമേളയ്ക്കിടെ കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു ദിവസങ്ങൾക്കുമുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയത്. ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് എന്ന പേരിലുള്ള സംഘത്തിലെ അംഗങ്ങളാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇവരെ പിടികൂടിയതായാണ് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നത്.
ഭീഷണികളെ തുടർന്ന് കുംഭമേള നടക്കുന്ന മേഖലയിൽ പൊലീസ് സുരക്ഷ കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. പൊലീസിന്റെ സ്‌പെഷ്യൽ സംഘവും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തിയിട്ടുണ്ട്. ഇങ്ങോട്ടുള്ള വാഹനങ്ങളെല്ലാം കർശനമായ പരിശോധന കഴിഞ്ഞാണു കടത്തിവിടുന്നത്.
Summary: Youth fakes bomb threat at Kumbh Mela to frame his Muslim friend, arrested in Bihar's Purnia