ഹിമാചൽ പ്രദേശ്: ബി.ജെ.പി ദേശീയ അധ്യക്ഷന്റെ തട്ടകം പിടിച്ചെടുത്ത് കോൺഗ്രസിന്റെ വിജയഭേരി

എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കും വലിയ ഊർജം പകരുന്നതാണ് ഹിമാചലിലെ വിജയം. യു.പിയിൽ ഏറ്റ കനത്ത പരാജയത്തിന്റെ കറ കഴുകിക്കളയാൻ ഹിമാചലിലെ തിരിച്ചുവരവ് പ്രിയങ്കയെ സഹായിക്കും.

Update: 2022-12-08 13:56 GMT
Advertising

ഷിംല: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ ഭരണം പിടിച്ചെടുക്കാനായത് കോൺഗ്രസ് നേതൃത്വത്തിന് നൽകുന്നത് പുതുജീവൻ. ആകെയുള്ള 68 മണ്ഡലങ്ങളിൽ 40 സീറ്റുകളിലും വിജയിച്ച കോൺഗ്രസ് വ്യക്തമായ മാർജിനിലാണ് അധികാരത്തിലെത്തുന്നത്. 25 സീറ്റുകളാണ് ബി.ജെ.പിക്ക് നേടാനായത്. മൂന്ന് സീറ്റുകൾ സ്വതന്ത്രർ നേടി.

എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ഹിമാചലിൽ പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയത്. കേവലഭൂരിപക്ഷത്തിന് ആവശ്യമായതിലും അധികം ഭൂരിപക്ഷം നേടി ബി.ജെ.പി അധികാരത്തിൽനിന്ന് പുറത്താക്കാനായി എന്നത് കോൺഗ്രസ് നേതൃത്വത്തിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഒരു വട്ടം കോൺഗ്രസ് എങ്കിൽ അടുത്ത തവണ ബി.ജെ.പിയെന്നതാണ് 1985 മുതൽ ഹിമാചലിന്റെ തെരഞ്ഞെടുപ്പ് ചരിത്രം. ആ രീതിക്ക് മാറ്റം വരുത്തുമെന്നായിരുന്നു ഇത്തവണ ബി.ജെ.പിയുടെ അവകാശവാദം. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ആപ്പും ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നു.



ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന പതിവ് രീതിക്കപ്പുറം കോൺഗ്രസ് മുന്നോട്ടുവെച്ച ചില വാഗ്ദാനങ്ങളും വോട്ടർമാരെ സ്വാധീനിച്ചുവെന്നാണ് ഹിമാചൽ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും എന്നതായിരുന്നു കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം. ഈ ആവശ്യവുമായി സർക്കാർ ജീവനക്കാർ ഏറെക്കാലമായി രംഗത്തുണ്ട്. രണ്ട് ലക്ഷത്തോളം സർക്കാർ ജീവനക്കാരെ സ്വാധീനിക്കുന്ന കോൺഗ്രസിന്റെ ഈ വാഗ്ദാനം തെരഞ്ഞെടുപ്പിൽ നിർണായകമായതാണ് വിലയിരുത്തൽ.

മുഖ്യമന്ത്രി ജയ് റാം താക്കൂറിനെതിരെ പാർട്ടിക്കുള്ളിൽനിന്ന് തന്നെ ഉയർന്നുവന്ന വിമത ശബ്ദങ്ങളും ബി.ജെ.പിക്ക് തിരിച്ചടിയായി. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ചില ആളുകളാണ് സർക്കാറിനെ നിയന്ത്രിക്കുന്നതെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. ചീഫ് സെക്രട്ടറിമാരെ അടിക്കടി മാറ്റിയതും പൊലീസ് റിക്രൂട്ടിങ് അഴിമതി, അരിനഗർ പഞ്ചായത്ത് നോട്ടിഫിക്കേഷൻ, ഷിംല വികസന പദ്ധതി എന്നിവയിൽ തിരക്കിട്ട് തീരുമാനമെടുത്തതും സർക്കാറിൽ ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കി. 11 സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് നിഷേധിച്ചതോടെ വലിയ തോതിൽ വിമത സ്ഥാനാർഥികളും രംഗത്തെത്തിയതും നേരിയ വിജയസാധ്യത മാത്രമുള്ള സംസ്ഥാനത്ത് ബി.ജെ.പിയുടെ തിരിച്ചുവരവ് അസാധ്യമാക്കി.



വലിയ തോതിൽ യുവാക്കൾ സൈന്യത്തിൽ ചേരുന്ന സംസ്ഥാനത്ത് അഗ്നിവീർ പദ്ധതിക്കെതിരെ വലിയ വികാരം നിലവിലുണ്ട്. അരിയുടെ വില വർധന, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളും കോൺഗ്രസ് പ്രചാരണ വിഷയമാക്കിയത് വോട്ടർമാർ ഏറ്റെടുത്തതോടെ ബി.ജെ.പിയുടെ പതനം പൂർത്തിയായി.

എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കും വലിയ ഊർജം പകരുന്നതാണ് ഹിമാചലിലെ വിജയം. യു.പിയിൽ ഏറ്റ കനത്ത പരാജയത്തിന്റെ കറ കഴുകിക്കളയാൻ ഹിമാചലിലെ തിരിച്ചുവരവ് പ്രിയങ്കയെ സഹായിക്കും. പ്രസംഗിച്ച വേദികളിലെല്ലാം പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് പ്രിയങ്ക വാഗ്ദാനം നൽകിയിരുന്നു. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതി നിർത്തലാക്കുമെന്നും പ്രിയങ്ക പറഞ്ഞു.



സ്ത്രീകൾക്ക് പ്രതിമാസം 15,00 രൂപ, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 680 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ട്, ഒരു ലക്ഷം സർക്കാർ ജോലി, യുവാക്കൾക്ക് അഞ്ച് ലക്ഷം തൊഴിൽ, ഓരോ നിയമസഭാ മണ്ഡലത്തിലും നാല് വീതം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മൊബൈൽ ചികിത്സാ ക്ലിനിക്കുകൾ തുടങ്ങി സാധാരണക്കാരായ വോട്ടർമാരുടെ മനംകവരുന്ന വാഗ്ദാനങ്ങളാണ് പ്രിയങ്ക മുന്നോട്ടുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ പ്രചാരണം നടത്തിയ ബി.ജെ.പിയെ മലർത്തിയടിച്ച് അധികാരം പിടിച്ചെടുക്കാനായത് കോൺഗ്രസിനും വ്യക്തിപരമായി പ്രിയങ്കാ ഗാന്ധിക്കും ഹിമാചലിൽ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലി ആത്മവിശ്വാസം പകരുന്ന നേട്ടമാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News