ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയത് 286 സീറ്റില്‍; സ്‌ട്രേക്ക് റേറ്റ് ഉയര്‍ത്തി കോണ്‍ഗ്രസ്
ഹരിയാനയിൽ പൂജ്യത്തിൽനിന്ന് 56 ശതമാനത്തിലെത്തി
ന്യൂഡല്‍ഹി: ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലങ്ങളില്‍ സ്‌ട്രേക്ക് റേറ്റ് ഉയര്‍ത്തി കോണ്‍ഗ്രസ്. 286 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും പരസ്പരം പോരടിച്ചത്. ഇതില്‍ 183 ഇടങ്ങളിലും ജയം ബി.ജെ.പിക്കൊപ്പമായിരുന്നു. 81 ഇടങ്ങളില്‍ കോണ്‍ഗ്രസും ജയിച്ചു.
കോണ്‍ഗ്രസിനെതിരായ ബി.ജെ.പിയുടെ സ്‌ട്രൈക്ക് റേറ്റില്‍ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ 68.7 ശതമാനം ഉണ്ടായിരുന്നത് ഇത്തവണ 62.9 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസിന്‍േറത് 8.3 ശതമാനത്തില്‍നിന്ന് 28.3 ശതമാനമായി വര്‍ധിച്ചു. ഒരു പാര്‍ട്ടി ആകെ മത്സരിച്ചതില്‍ എത്ര സീറ്റില്‍ വിജയം നേടി എന്നതിന്റെ ശതമാനമാണ് സ്‌ട്രേക്ക് റേറ്റ്. ഇവിടെ ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ 286 സീറ്റുകളാണ് പരിഗണിച്ചിട്ടുള്ളത്.
2014ല്‍ ഇരുപാര്‍ട്ടികളും 370 സീറ്റുകളിലാണ് പരസ്പരം പോരടിച്ചത്. അന്ന് 236 സീറ്റില്‍ ബി.ജെ.പിയും 36 സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. ബി.ജെ.പിയുടെ സ്‌ട്രേക്ക് റേറ്റ് 63.8ഉം കോണ്‍ഗ്രസിന്‍േറത് 9.7ഉം ശതമാനം ആയിരുന്നു. 2019ല്‍ 374 സീറ്റില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടി. ഇതില്‍ 257 സീറ്റില്‍ ബി.ജെ.പിയും 31 സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. അന്ന് 8.3 ശതമാനം മാത്രമുണ്ടായിരുന്ന സ്‌ട്രേക്ക് റേറ്റാണ് ഇത്തവണ 28.3 ശതമാനമായി കോണ്‍ഗ്രസ് ഉയര്‍ത്തിയത്.
സഖ്യകക്ഷികള്‍ക്ക് കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് വിട്ടുനല്‍കിയതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ സീറ്റുകളുടെ എണ്ണത്തില്‍ ഇത്തവണ വലിയ കുറവുണ്ടായിട്ടുണ്ട്. 2019ല്‍ ഉത്തര്‍ പ്രദേശില്‍ 65 സീറ്റിലാണ് നേരിട്ട് ഏറ്റുമുട്ടിയത്. ഇത്തവണ അത് 17 ആയി കുറഞ്ഞു. ഇവിടെ കോണ്‍ഗ്രസിന്റെ സ്‌ട്രേക്ക് റേറ്റ് രണ്ടില്‍നിന്ന് 35 ആയി ഉയര്‍ന്നു. ബി.ജെ.പിയുടേത് 80ല്‍നിന്ന് 65 ശതമാനമായി കുറഞ്ഞു.
കര്‍ണാടകയില്‍ ബി.ജെ.പിയുടെ സ്‌ട്രേക്ക് റേറ്റ് ഇത്തവണ 95ല്‍ നിന്ന് 68 ശതമാനമായി ഇടിഞ്ഞു. കോണ്‍ഗ്രസിന്‍േറത് അഞ്ചില്‍നിന്ന് 32 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. രാജസ്താനിലും ഈ മാറ്റം പ്രകടമാണ്. ബി.ജെ.പിയുടേത് 100ല്‍നിന്ന് 61 ശതമാനത്തിലേക്ക് കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്‍േറത് പൂജ്യത്തില്‍നിന്ന് 35 ശതമാനമായി ഉയര്‍ന്നു.
ഇന്‍ഡ്യാ സഖ്യം മികച്ച മുന്നേറ്റം നടത്തിയ മഹാരാഷ്ട്രയിലും ബി.ജെ.പിയുടെ സ്‌ട്രേക്ക് റേറ്റില്‍ വലിയ തിരിച്ചടിയുണ്ടായി. 94ല്‍നിന്ന് 33 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസിന്‍േറത് ആറില്‍ നിന്ന് 67 ശതമാനമായി കുതിച്ചുയര്‍ന്നു. ഹരിയാനയിലാണ് മറ്റൊരു പ്രകടമായ മാറ്റമുള്ളത്. ഇവിടെ ഒമ്പത് സീറ്റിലാണ് ഇരുപാര്‍ട്ടികളും നേരിട്ട് ഏറ്റുമുട്ടിയത്. അഞ്ചിടത്ത് കോണ്‍ഗ്രസും നാലിടത്ത് ബി.ജെ.പിക്കും ജയം. ബി.ജെ.പിയുടെ സ്‌ട്രേക്ക് റേറ്റ് 100ല്‍ നിന്ന് 44 ആയി കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പൂജ്യത്തില്‍നിന്ന് 56 ശതമാനത്തിലെത്തി. അതേസമയം, തെലങ്കാനയില്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സ്‌ട്രേക്ക് റേറ്റ് ഉയര്‍ന്നു. ബി.ജെ.പിയുടേത് 24ല്‍നിന്ന് 47 ശതമാനമായും കോണ്‍ഗ്രസിന്‍േറത് 18നിന്ന് 47 ശതമാനമായും ഉയര്‍ന്നു.