കോണ്‍ഗ്രസ് തീവ്രവാദത്തിന്‍റെ മാതാവ്, രാമഭക്തരെ വെടിവെച്ചവരെ യു.പി പിന്തുണക്കില്ലെന്നും യോഗി ആദിത്യനാഥ്
ബി.ജെ.പി എല്ലാ വിശ്വാസത്തിനും അര്‍ഹിച്ച ബഹുമാനം നല്‍കിയെന്നും യോഗി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിനു തയ്യാറെടുക്കവെ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യാഥ്. കോണ്‍ഗ്രസ് തീവ്രവാദത്തിന്റെ മാതാവാണെന്നും സമാജ്‍വാദി പാര്‍ട്ടി വിഷമുള്ള തേളാണെന്നും യോഗി കുറ്റപ്പെടുത്തി.
രാജ്യത്തെ തീവ്രവാദത്തിന്റെ മാതാവാണ് കോണ്‍ഗ്രസ്. 2022 തെരഞ്ഞെടുപ്പില്‍ രണ്ടു പേരുടെ പിന്തുണ പോലും കോണ്‍ഗ്രസിന് ലഭിക്കില്ല. രാമഭക്തര്‍ക്കെതിരെ വെടിവെക്കുകയും താലിബാനെ പിന്തുണക്കുകയും ചെയ്യുന്നവരെ ജനങ്ങള്‍ വാഴിക്കില്ല. ജാതി ചിന്തയും കുടുംബ വാഴ്ചയും നടത്തുന്ന പാര്‍ട്ടി തേള്‍ പോലെയാണെന്നും, എവിടെ ആയിരുന്നാലും അത് മുറിപ്പെടുത്തുമെന്നും സമാജ്‍വാദി പാര്‍ട്ടിയെ പേരെടുത്ത് പറയാതെ യോഗി വിമര്‍ശിച്ചു.
ഉത്തര്‍പ്രദേശിനായി കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും ബി.എസ്.പിയും എന്താണ് നല്‍കിയതെന്നും യോഗി ചോദിച്ചു. രോഗദുരിതവും തൊഴിലില്ലായ്മയും മാഫിയ ഭരണവും അഴിമതിയും മാത്രമാണ് ഈ പാര്‍ട്ടികള്‍ നല്‍കിയതെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു.
ഇരുട്ടിനെ ഇഷ്ടപ്പെടുന്നവരായിരുന്നു എസ്.പിയും ബി.എസ്.പിയും. ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്നതില്‍ രണ്ടു പാര്‍ട്ടികളും പരാജയമായിരുന്നുവെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
രാജ്യത്തിന് മുറിവേല്‍പ്പിച്ചവെര സഹിക്കേണ്ട കാര്യമില്ല. എന്നാല്‍ ബി.ജെ.പി എല്ലാ വിശ്വാസത്തിനും അര്‍ഹിച്ച ബഹുമാനം നല്‍കിയെന്നും യോഗി പറഞ്ഞു.