അരവിന്ദർ സിങ് ലൗലിക്കെതിരെ കോൺഗ്രസ് നേതാവ് ദീപക് ബാബരിയ
ജനസ്വാധീനമില്ലാത്ത നേതാക്കളാണ് ബി.ജെ.പിയിൽ ചേരുന്നതെന്നും ദീപക് ബാബരിയ
ന്യൂഡൽഹി: ഡൽഹി മുൻ കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലൗലിയുടെ ബി.ജെ.പി പ്രവേശനം തിരിച്ചടിയല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബരിയ മീഡിയവണിനോട് പറഞ്ഞു.
ജനസ്വാധീനമില്ലാത്ത നേതാക്കളാണ് ബി.ജെ.പിയിൽ ചേരുന്നത്. നിരാശരായ ചിലർ ആഴക്കയത്തിലേക്ക് ചാടുകയാണ്. അതിലെ അപകടത്തെപ്പറ്റി അവർ അറിയുന്നില്ല. മുൻപ് നടത്തിയ പരീക്ഷണം പരാജയപ്പെട്ടതിനാൽ വീണ്ടും ശ്രമിക്കുന്നു. വീണ്ടും അത് പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസ് അധ്യക്ഷസ്ഥാനം അരവിന്ദർ സിങ് ലൗലി രാജിവെച്ചത്. 2017ലും അദ്ദേഹം ബി.ജെ.പിയിൽ ചേർന്നിരുന്നു. കോൺഗ്രസിൽ തനിക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ നേതൃമാറ്റം. ഒമ്പത് മാസം ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ച ശേഷം കോൺഗ്രസിലേക്ക് മടങ്ങിയെത്തുകയായിരുന്നു.