'സോണിയയുടെ പ്രായവും ആരോഗ്യവും പരിഗണിക്കാതെ ചോദ്യംചെയ്യുന്നു': ഇ.ഡിക്കെതിരെ ഗുലാംനബി ആസാദ്
രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായി കാണരുതെന്ന് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്
ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ നിയമം ആളുകളെ ലക്ഷ്യമിടാനും അപമാനിക്കാനും ആയുധമാക്കിയിരിക്കുകയാണെന്ന് കോൺഗ്രസ്. രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായി കാണരുതെന്ന് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. നാഷണൽ ഹെറാൾഡ്-അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.
നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മൂന്നാം ദിവസമാണ് ഇ.ഡി ചോദ്യംചെയ്തത്. നിരന്തരം ചോദ്യംചെയ്യുമ്പോള്‍ സോണിയ ഗാന്ധിയുടെ പ്രായവും ആരോഗ്യവും ഇ.ഡി ഓർമിക്കണമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. രാഹുൽ ഗാന്ധിയെ ഇതിനകം 50 മണിക്കൂറിലധികം ചോദ്യംചെയ്തു.
"യുദ്ധങ്ങളിൽ പോലും രാജാക്കന്മാർ സ്ത്രീകൾ ആക്രമിക്കപ്പെടരുതെന്നും സുഖമില്ലാത്തവരെ ഒഴിവാക്കണമെന്നും നിർദേശം നൽകാറുണ്ടായിരുന്നു. വൃദ്ധയും രോഗിയുമായ സോണിയ ഗാന്ധിയോട് ഏജൻസികൾ പരുഷമായി പെരുമാറരുത്. സോണിയ ഗാന്ധിയെ ഇതുപോലുള്ള ഏജൻസികൾക്ക് വിധേയമാക്കുന്നത് ശരിയല്ല എന്നതിനാൽ ഇത് മനസ്സിൽ വയ്ക്കണമെന്ന് സർക്കാരിനോടും ഇ.ഡിയോടും ഞാൻ അഭ്യർഥിക്കുന്നു"- ഗുലാംനബി ആസാദ് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയ ജി-23 ഗ്രൂപ്പിലെ അംഗമാണ് ഗുലാംനബി ആസാദ്. ജി-23 ഗ്രൂപ്പിലെ മറ്റൊരു മുതിർന്ന അംഗവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമയും നിയമങ്ങളെ ആളുകളെ അപമാനിക്കാനുള്ള ആയുധമാക്കുന്നതിനെ വിമര്‍ശിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ സുപ്രിംകോടതി ഉടൻ വിധി പറയണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് ആവശ്യപ്പെട്ടു- "സോണിയ ജിയെ മൂന്നാം തവണയാണ് (ഇ.ഡി) വിളിപ്പിച്ചത്. രാജ്യത്ത് ഇ.ഡിയുടെ ഭീകരതയുണ്ട്, ഈ കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഇതില്‍ ഉടന്‍ തീരുമാനമുണ്ടാകണം".