ഗുലാം നബി ആസാദിന്‍റെ അനന്തരവൻ മുബഷിർ ആസാദ് ബി.ജെ.പിയിൽ
ഗുലാം നബിയോട് കോൺഗ്രസ് നേതൃത്വം കാണിച്ച അനാദരവ് തന്നെ വേദനിപ്പിച്ചെന്നും ബി.ജെ.പിയിലേക്ക് പോകാന്‍ ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ അനന്തരവൻ മുബഷിർ ആസാദ് ബി.ജെ.പിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തന്നെ ബി.ജെ.പിയിലേക്ക് സ്വാധീനിച്ചതെന്ന് മുബഷിര്‍ പറഞ്ഞു.
ഗുലാം നബി ആസാദിന്‍റെ ഇളയ സഹോദരൻ ലിയാഖത്ത് അലിയുടെ മകനാണ് മുബഷിർ ആസാദ്. ഗുലാം നബിയോട് കോൺഗ്രസ് നേതൃത്വം കാണിച്ച അനാദരവ് തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും ബി.ജെ.പിയിലേക്ക് പോകാന്‍ ഇതും കാരണമായെന്നും അദ്ദേഹം പറയുന്നു. എന്നാൽ ബി.ജെ.പിയിൽ ചേരുന്നതിനെക്കുറിച്ച് ഗുലാം നബി ആസാദുമായി ചർച്ച ചെയ്തിട്ടില്ലെന്ന് മുബഷിര്‍ ആസാദ് വ്യക്തമാക്കി.
മുബഷിർ ആസാദിനെയും അദ്ദേഹത്തിന്‍റെ അനുയായികളെയും ജമ്മു കശ്മീരിലെ ബി.ജെ.പി അധ്യക്ഷൻ രവീന്ദർ റെയ്‌നയും മുൻ എം.എൽ.എ ദലീപ് സിംഗ് പരിഹാർ എന്നിവര്‍ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കള്‍ ചേര്‍ന്നാണ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. മുബഷിറിന്‍റെ ബി.ജെ.പി പ്രവേശനത്തെ വഴിത്തിരിവെന്നാണ് പാര്‍ട്ടി നേതൃത്വം വിശേഷിപ്പിച്ചത്.
പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ളവരും സാമുദായിക നേതാക്കളും കൂടിയെത്തുന്നതോടെ ബി.ജെ.പി അതിവേഗം വളരുകയാണെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. നേരത്തെ 2009ൽ ആസാദിന്‍റെ സഹോദരൻ ഗുലാം അലിയും ബി.ജെ.പിയിൽ ചേർന്നിരുന്നു.
'കോൺഗ്രസ് പാർട്ടി ചേരിപ്പോരിൽ തകർന്നിരിക്കുകയാണ്.. മോദിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഗുലാം നബി ആസാദിനോട് പെരുമാറിയ രീതി സാധാരണ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നു. പക്ഷേ രാജ്യത്തിനായുള്ള അദ്ദേഹത്തിന്‍റെ സേവനത്തെ പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു എന്നിട്ടും സ്വന്തംസഹവ പാർട്ടി അദ്ദേഹത്തെ മാറ്റിനിർത്തി' കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുബഷിര്‍ ആസാദ് പറഞ്ഞു.