'ദേശീയ പതാക അവരുടെ തറവാട്ടു സ്വത്താണെന്നാണ് വിചാരം'; ആർ.എസ്.എസ്സിനും ബി.ജെ.പിക്കുമെതിരെ രാഹുൽ

ഈ നൂറ്റാണ്ടിൽ കോൺഗ്രസ് നടത്തുന്ന ഏറ്റവും നീണ്ട യാത്രയാണ്‌ കന്യാകുമാരി മുതൽ കശ്മീർ വരെയായി ആറു മാസം നീളുന്ന ഭാരത് ജോഡോ യാത്ര

Update: 2022-09-07 14:24 GMT
Advertising

കന്യാകുമാരി: ആർ.എസ്.എസ്സിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് ഇന്ത്യൻ ഭരണ സംവിധാനങ്ങളെ ബി.ജെ.പിയും ആർ.എസ്.എസ്സും ആക്രമിക്കുകയാണെന്നും ദേശീയ പതാക അവരുടെ തറവാട്ടു സ്വത്താണെന്നാണ് വിചാരമെന്നും രാഹുൽ കന്യാകുമാരിയിൽ നടന്ന ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ വിമർശിച്ചു.

'ഇന്ത്യയെന്നാൽ ഈ കൊടിയെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളാണ്. ഇന്ത്യയെന്നാൽ ഈ കൊടിയെ സംരക്ഷിക്കുന്ന സ്വതന്ത്ര മാധ്യമങ്ങളാണ്. ഇന്ത്യയെന്നാൽ ഈ കൊടിക്ക് കാവൽ നിൽക്കുന്ന നീതിന്യായ വ്യവസ്ഥയാണ്. എന്നാൽ ഇന്ന് നമ്മുടെ സംവിധാനങ്ങളെയെല്ലാം ബിജെപിയും ആർഎസ്എസ്സും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ കൊടി അവരുടെ തറവാട്ടു സ്വത്താണെന്നാണ് വിചാരം. ഈ ജനതയുടെ ഭാവിയും ഈ രാജ്യത്തിന്റെ അവസ്ഥയും ഒറ്റയ്ക്ക് നിർണ്ണയിക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ് അവർ കരുതുന്നത്' രാഹുൽ ഗാന്ധി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.


'ഇ.ഡിയെയും സിബിഐയ്യെയും ഇൻകം ടാക്‌സിനെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താമെന്നാണ് ബിജെപിയും ആർഎസ്എസ്സും കരുതുന്നത്. നിങ്ങൾ എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഒരു പ്രതിപക്ഷ നേതാവും ബിജെപിയെ ഭയപ്പെടാൻ പോകുന്നില്ല' അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദേശീയ പതാക രാഹുൽഗാന്ധിക്ക് കൈമാറിയതോടെയാണ് പദയാത്രക്ക് തുടക്കമായത്.



ഭാരത് ജോഡോ യാത്രയുടെ പത്തു സവിശേഷതകൾ

  • 'ഒരുമിക്കുന്ന ചുവടുകൾ... ഒന്നാകുന്ന രാജ്യം' എന്നാണ് യാത്രയുടെ മുദ്രാവാക്യം.
  • ഈ നൂറ്റാണ്ടിൽ കോൺഗ്രസ് നടത്തുന്ന ഏറ്റവും നീണ്ട യാത്ര. കന്യാകുമാരി മുതൽ കശ്മീർ വരെയായി ആറു മാസം നീളുന്നതാണ് യാത്ര.
  • 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഈ മാസം 11ന് കേരളത്തിലെത്തും.
  • അസുഖ ബാധിതയായതിനാൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി യാത്രയിൽ പങ്കെടുക്കുന്നില്ല. എന്നാൽ യാത്രയുടെ ചിന്തയിലും ആവേശത്തിലും ഒപ്പമുണ്ടെന്നാണ് അവർ പറയുന്നത്.
  • യാത്രക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും രാജ്യത്തെ ഒറ്റക്കെട്ടാക്കാനുമാണ് യാത്രയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. പക്ഷേ, വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിങ്ങനെ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തുമെന്നും അവർ പറയുന്നു.
  • കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ പുരോഗമിക്കവേയാണ് യാത്ര. രാഹുൽ സ്ഥാനം ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നതിനാലാണ് തീരുമാനം നീണ്ടുപോയിരുന്നത്. പാർട്ടിയിലെ ഒരു വിഭാഗം ഗാന്ധി കുടുംബത്തിന്റെ നേതൃത്വമാണ് ആഗ്രഹിക്കുന്നത്.
  • ശക്തിയുള്ള കോൺഗ്രസ് ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് അനിവാര്യമാണെന്നാണ് ജയ്‌റാം രമേശടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഇതിന് യാത്ര വഴിയൊരുക്കുമെന്ന് പ്രതീക്ഷപ്പെടുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടടക്കം ഇക്കാര്യം പറയുന്നു.
  • ശ്രീപെരുംപുതൂരിലെ പിതാവ് രാജീവ് ഗാന്ധിയുടെ സ്മാരകം സന്ദർശിച്ചാണ് രാഹുൽ യാത്രയിലേക്കിറങ്ങിയത്. 1991 മേയ് 21ന് അവിടെ വെച്ചാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 'വിഭജന വിദ്വേഷ രാഷ്ട്രീയത്തിലൂടെയാണ് എനിക്കെന്റെ പിതാവിനെ നഷ്ടപ്പെട്ടത്. എനിക്ക് മാത്രമല്ല, എന്റെ പ്രിയ രാജ്യത്തിനും. സ്‌നേഹം വിദ്വേഷത്തെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. ഒന്നിച്ച് നാം മറികടക്കും' സന്ദർശന ശേഷം രാഹുൽ ട്വിറ്ററിൽ കുറിച്ചു.
  • രാഹുലടക്കമുള്ള കോൺഗ്രസ് നേതാക്കളും അണികളും രണ്ടു ബാച്ചുകളായി ദിവസവും രാവിലെ ഏഴു മുതൽ വൈകീട്ട് 6.30 വരെ നടക്കും. 12 സംസ്ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളും 150ലേറെ ദിവസങ്ങൾ കൊണ്ട് സന്ദർശിക്കും.
  • യാത്രയുടെ നായകനായ രാഹുൽ ഷിപ്പിങ് കണ്ടെയ്‌നർ കാബിനിലാണ് താമസിക്കുക. ബെഡ്, ശുചിമുറി, എയർകണ്ടീഷൻ സൗകര്യങ്ങൾ അതിനകത്തുണ്ട്. മറ്റു യാത്രികർക്കും കണ്ടെയ്‌നറുകളുണ്ട്.


Full View


വിശാല പ്രതിപക്ഷ ഐക്യം ഉണ്ടാക്കുക എന്നൊരു ലക്ഷ്യം കൂടി യാത്രയ്ക്കുണ്ട്. കോൺ​ഗ്രസ് വലിയ തിരിച്ചടികൾ നേരിടുന്ന കാലത്ത് ഒരുതിരിച്ചുവരവ് ലക്ഷ്യമിട്ടാണ് രാഹുൽ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര.‌

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News