'തെരഞ്ഞെടുപ്പിലെ പരാജയത്തിന് കോൺഗ്രസ് ഇ.വി.എമ്മിനെ കുറ്റപ്പെടുത്തും': അമിത് ഷാ
'കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ജോലി നഷ്ടപ്പെടും'
ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനം നടത്തുമെന്നും പരാജയത്തിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ (ഇ.വി.എം) കുറ്റപ്പെടുത്തുമെന്നും അമിത് ഷാ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ജോലി നഷ്ടപ്പെടുമെന്നും ഷാ ഉത്തർപ്രദേശിലെ ഒരു പ്രചരണ റാലിയിൽ അവകാശപ്പെട്ടു.
തോൽവിക്ക് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആരും കുറ്റപ്പെടുത്തില്ല. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ജോലിയായിരിക്കും നഷ്ടപ്പെടുക. ആദ്യ അഞ്ച് ഘട്ടങ്ങളുടെ വിശദാംശങ്ങൾ തന്റെ പക്കലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി 310 സീറ്റുകൾ പിന്നിട്ടു. ജൂൺ 4ന് രാഹുൽ ഗാന്ധി 40 സീറ്റ് കടക്കില്ല. അഖിലേഷ് യാദവിന് 4 സീറ്റുകൾ പോലും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'നരേന്ദ്ര മോദി പാവപ്പെട്ട വീട്ടിൽ ജനിച്ചപ്പോൾ രാഹുലും അഖിലേഷും ജനിച്ചത് വെള്ളിക്കരണ്ടിയുമായാണ്. കിഴക്കൻ ഉത്തർപ്രദേശിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവർക്കറിയില്ല. രാജ്യത്തെ കാലാവസ്ഥ അവർക്ക് ഇഷ്ടമായിരുന്നില്ല. ആറുമാസം കൂടുമ്പോൾ രാഹുൽ തായ്ലൻഡിൽ അവധിക്ക് പോകാറുണ്ടായിരുന്നു. പൂർവാഞ്ചലിന്റെ ചൂട് അവർക്ക് സഹിക്കില്ല. എന്നാൽ പ്രധാനമന്ത്രി മോദി തന്റെ ഭരണകാലത്ത് ഒരു അവധി പോലും എടുത്തില്ല.'- ഷാ കൂട്ടിച്ചേർത്തു.
രാമക്ഷേത്ര വിഷയം 70 വർഷമായി കോൺഗ്രസ് സ്തംഭിപ്പിച്ചപ്പോൾ എസ്.പി സർക്കാർ രാമഭക്തർക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.