മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥി ചർച്ചകൾക്കായി കോൺഗ്രസ് യോഗം ഇന്ന്
തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ഇരു സംസ്ഥാനങ്ങളിലെയും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടേക്കും.
മുംബൈ: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി ചർച്ചകൾക്കായി കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്. വൈകീട്ട് കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ പങ്കെടുക്കും. ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിൽ പട്ടിക വൈകരുതെന്നാണ് നേതാക്കളുടെ അഭിപ്രായം.
വൈകീട്ട് അഞ്ചിന് കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ഇരു സംസ്ഥാനങ്ങളിലെയും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടേക്കും. പിസിസി പ്രസിഡന്റുമാരുടെയും നിരീക്ഷകാരുടേയും നിർദേശങ്ങൾ കൂടെ പരിഗണിച്ചാകും പ്രഖ്യാപനം. എന്നാൽ, നേതാക്കളുടെ താൽപര്യങ്ങൾക്കപ്പുറം വിജയസാധ്യതയുള്ളവരെ മത്സരിപ്പിക്കണമെന്നാണ് എഐസിസി നേതൃത്വത്തിന്റെ അഭിപ്രായം.
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ സീറ്റ് വിഭജന തർക്കങ്ങൾ പൂർത്തിയായിരുന്നു. 119 സീറ്റുകളിൽ കോൺഗ്രസും 86 സീറ്റുകളിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും 75 സീറ്റുകളിൽ എൻസിപി ശരത് പവാർ പക്ഷവും മത്സരിക്കുമെന്നാണ് സൂചന.
99 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി ഇന്നലെ പുറത്തിറക്കിയിരുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍നിന്ന് ജനവിധി തേടും. ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അശോക് ചവാന്റെ മകള്‍ ശ്രിജയ ചവാന്‍ ഭോക്കറിലും മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവാന്‍കുലെ കാംതിയിലും മത്സരിക്കും.
ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിൽ ജെഎംഎം 43, കോൺഗ്രസ് 29, ആർജെഡി അഞ്ച്, സിപിഐ എംഎൽ നാല് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.