ലോക്സഭാ സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്മാറിയതിനു പിന്നാലെ കോൺഗ്രസ് വിട്ട് ദേശീയ വക്താവ് രോഹൻ ഗുപ്ത
എ.ഐ.സി.സി കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ തീവ്ര ഇടതുപക്ഷ മനോഭാവമുള്ളൊരു നേതാവ് സനാതന ധർമ വിവാദത്തിൽ ദേശീയ മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിൽനിന്നു തന്നെ തടഞ്ഞെന്ന് രോഹൻ ഗുപ്ത ആരോപിച്ചു
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ ഉയിർത്തെഴുന്നേറ്റ പ്രതിപക്ഷത്ത് തിരിച്ചടിയായി വീണ്ടു കോൺഗ്രസിൽനിന്നുള്ള കൊഴിഞ്ഞുപോക്ക്. കോൺഗ്രസ് ദേശീയ വക്താവ് രോഹൻ ഗുപ്ത പാർട്ടി വിട്ടു. ഇത്തവണ ഗുജറാത്തിലെ അഹ്മദാബാദ് ഈസ്റ്റിൽ ഗുപ്തയ്ക്ക് കോൺഗ്രസ് സീറ്റ് നൽകിയിരുന്നു. പിതാവിന്റെ അനാരോഗ്യവും എതിർപ്പും ചൂണ്ടിക്കാട്ടി പിന്നീട് സ്ഥാനാർഥിത്വത്തിൽനിന്നു പിന്മാറുകയായിരുന്നു.
വ്യക്തിഹത്യയും നിരന്തര അപമാനവുമാണ് പാർട്ടി വിടാൻ കാരണമായി പറഞ്ഞിരിക്കുന്നത്. സ്ഥാനാർഥിത്വത്തിൽനിന്നു പിന്മാറിയത് ജീവിതത്തിലെടുത്ത ഏറ്റവും ദുഷ്‌ക്കരമായ തീരുമാനമായിരുന്നുവെന്ന് ഗുപ്ത എക്‌സിൽ കുറിച്ചു. മറ്റൊരു പ്രയാസകരമായ തീരുമാനമാണ് ഇപ്പോൾ കൈക്കൊള്ളുന്നത്. നിരന്തരമായ അപമാനവും വ്യക്തിഹത്യയും കാരണം 15 വർഷം സേവിച്ച പാർട്ടി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കു നൽകിയ രാജിക്കത്തും രോഹൻ ഗുപ്ത പങ്കുവച്ചിട്ടുണ്ട്. എ.ഐ.സി.സി കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഒരു നേതാവിനെതിരെയാണ് അദ്ദേഹം ആരോപണമുയർത്തിയിരിക്കുന്നത്. ഇക്കാര്യം പെര് വെളിപ്പെടുത്താതെ രാജിക്കത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീവ്ര ഇടതുപക്ഷ മനോഭാവമുള്ള നേതാവാണ് ഇദ്ദേഹം. തന്നെ വ്യക്തിപരമായി വേദനിപ്പിച്ച സനാതന ധർമ വിവാദത്തിൽ ദേശീയ മാധ്യമങ്ങളിൽ പ്രതികരിക്കുന്നത് ഇദ്ദേഹം ശക്തമായി തടഞ്ഞു. ഇതു പാർട്ടിയുടെ പ്രതിച്ഛായയും നേതാക്കളുടെ മനോവീര്യവും തകർത്തിരിക്കുകയാണെന്നും രോഹൻ ഗുപ്ത ആരോപിച്ചു.
കഴിഞ്ഞ രണ്ടു വർഷമായി ഈ നേതാവിൽനിന്ന് അപമാനം നേരിടുന്നുണ്ടെന്നും ഇക്കാര്യം പല മുതിർന്ന നേതാക്കൾക്കും അറിയാമെന്നും രാജിക്കത്തിൽ ആരോപിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ പെരുമാറ്റം കാരണം കടുത്ത മാനസിക സംഘർഷവും പീഡയുമാണ് താൻ അനുഭവിക്കുന്നത്. ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടിയാണു ഹൃദയവേദനയോടെ പാർട്ടി വിടാൻ നിർബന്ധിതനായിരിക്കുന്നതെന്നും ഗുപ്ത രാജിക്കത്തിൽ പറഞ്ഞു.
രോഹൻ ഗുപ്തയുടെ പിതാവ് രാജ്കുമാർ ഗുപ്ത രണ്ടു പതിറ്റാണ്ടോളം പ്രതിനിധീകരിച്ച മണ്ഡലമാണ് അഹ്മദാബാദ് ഈസ്റ്റ്. ഇവിടെ മത്സരിക്കുന്നതിൽ പിതാവ് അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സ്ഥാനാർഥിത്വത്തിൽനിന്നു പിന്മാറാൻ രോഹൻ ഗുപ്ത കാരണമായി നേരത്തെ പറഞ്ഞിരുന്നത്. പിതാവിന്റെ എതിർപ്പിനു കാരണം എന്താണെന്നു വ്യക്തമാക്കിയിട്ടില്ല.
Summary: After withdrawing from LS poll race, Congress national spokesperson Rohan Gupta now quits party