ഖാർഗെയോ തരൂരോ? കോൺഗ്രസ് അധ്യക്ഷനെ ഇന്നറിയാം
ആറാം തവണയാണ് പാർട്ടി അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത്
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന്. ഡൽഹി എഐസിസി ആസ്ഥാനത്ത് രാവിലെ 10 മണി മുതലാണ് വോട്ടെണ്ണൽ. 68 പോളിംഗ് ബൂത്തുകളിലെയും ബാലറ്റ് ബോക്‌സുകൾ എഐസിസി ആസ്ഥാനത്ത് ഇന്നലെ വൈകീട്ടോടെ എത്തിച്ചു.
ഇത് ആറാം തവണയാണ് പാർട്ടി അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലുള്ള പോരാട്ടത്തിൽ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പത്ത് മണിയോടെ ആണ് വോട്ടെണ്ണൽ എഐസിസി ആസ്ഥാനത്ത് ആരംഭിക്കുക. പ്രദേശ് റിട്ടേണിംഗ് ഓഫീസർമാർ എഐസിസി ആസ്ഥാനത്ത് ഇന്നലെ എത്തിച്ച സീൽ ചെയ്ത 68 ബാലറ്റ് ബോക്‌സുകൾക്കുള്ളിലാണ് കോൺഗ്രസിനെ ആരു നയിക്കുമെന്ന രഹസ്യം ഉള്ളത്.
വോട്ടെടുപ്പ് നടന്ന അതെ മുറിയിൽ ഈ പെട്ടികൾ തുറന്ന് വോട്ടുകൾ എണ്ണും. ഓരോ പെട്ടിയും തുറന്ന ശേഷം മുഴുവൻ ബാലറ്റ് പേപ്പറുകളും ആവർത്തിച്ച് ഇടലർത്തും. എന്നിട്ടേ അടുത്ത പെട്ടി തുറക്കൂ. അതുവഴി വോട്ട് ചെയ്ത ആളെയോ അത് ലഭിച്ച സംസ്ഥാനമോ തിരിച്ചറിയാൻ കഴിയില്ല. പിസിസികൾ നൽകിയ പിന്തുണ ആണ് മല്ലികാർജുൻ ഖാർഗെയുടെ ബലമെങ്കിൽ രഹസ്യ ബാലറ്റിൽ ആണ് തരൂർ പ്രതീക്ഷ വെയ്ക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മല്ലികാർജുൻ ഖാർഗെയും ശശി തരൂരും നേരിട്ട് എത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ഇരുവരുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിലാകും വോട്ട് എണ്ണുന്നത്.