കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഗെഹ്‌ലോട്ട് 27നും തരൂർ 30നും പത്രിക സമർപ്പിക്കും

പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ നോമിനി ഗെഹ്‌ലോട്ട് ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Update: 2022-09-25 14:33 GMT
Advertising

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അശോക് ഗെഹ്‌ലോട്ട് സെപ്റ്റംബർ 27നും ശശി തരൂർ സെപ്റ്റംബർ 30നും പത്രിക സമർപ്പിക്കുമെന്ന് റിപ്പോർട്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ നോമിനി ഗെഹ്‌ലോട്ട് ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗെഹ്‌ലോട്ടിന്റെ പത്രികാ സമർപ്പണം തന്നെ വലിയആഘോഷമാക്കാനാണ് ഔദ്യോഗിക വിഭാഗത്തിന്റെ ആലോചന. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, മുതിർന്ന നേതാക്കളായ പി. ചിദംബരം, ദിഗ്‌വിജയ് സിങ്, എന്നിവർ ഗെഹ്‌ലോട്ടിനൊപ്പമുണ്ടാവുമെന്നാണ് വിവരം

ജി 23 ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് തരൂർ മത്സരിക്കുന്നത്. എന്നാൽ അവർക്കിടയിൽ ഏകാഭിപ്രായമില്ലെന്നും റിപ്പോർട്ടുകളുണ്ട്. മനീഷ് തിവാരിയും മത്സരരംഗത്തുണ്ടാവുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള നേതാവാണെങ്കിലും കേരള ഘടകത്തിന്റെ പിന്തുണ തരൂരിനുണ്ടാവില്ലെന്നാണ് നേതാക്കളുടെ പ്രതികരണത്തിൽനിന്ന് വ്യക്തമാവുന്നത്. രാഹുൽ ഗാന്ധി തന്നെ പ്രസിഡന്റാവണമെന്നാണ് രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കെ. മുരളീധരൻ തുടങ്ങിയവർ നേരത്തെ പറഞ്ഞിരന്നു. രാഹുൽ ഇല്ലെങ്കിൽ ഗാന്ധി കുടുംബം പിന്തുണക്കുന്ന ആൾക്കൊപ്പമായിരിക്കും തങ്ങളെന്നാണ് കേരള നേതാക്കളുടെ പ്രതികരണം. അതിനിടെ തരൂരിനെതിരെ മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് തരൂരെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം.

22 വർഷം മുമ്പാണ് ഇതിന് മുമ്പ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നത്. സോണിയാ ഗാന്ധിയും ജിതേന്ദ്ര പ്രസാദും തമ്മിൽ 2000 നവംബറിലായിരുന്നു മത്സരം. അന്ന് പോൾ ചെയ്യപ്പെട്ട 7,700 വോട്ടുകളിൽ സോണിയക്ക് 7,448 വോട്ടുകളും ജിതേന്ദ്ര പ്രസാദിന് 94 വോട്ടുകളുമാണ് കിട്ടിയത്.

അതിനിടെ ഗെഹ്‌ലോട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനമൊഴിയുമ്പോൾ പുതിയ മുഖ്യമന്ത്രിയാരെന്നത് സംബന്ധിച്ചും തർക്കം രൂക്ഷമാണ്. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്നാണ് ഹൈക്കമാൻഡ് നിർദേശം. എന്നാൽ സച്ചിനെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗെഹ്‌ലോട്ട് പക്ഷം. 77 എംഎൽഎമാർ ഗെഹ്‌ലോട്ടിനൊപ്പമാണെന്നും അതുകൊണ്ട് അദ്ദേഹത്തെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്നുമാണ് അവരുടെ വാദം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News