ഇന്ധനവില വർധന; കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിലേക്ക്
എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം.
ന്യൂ ഡല്‍ഹി: ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിലേക്ക്. ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. മാർച്ച് 31ന് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമാകാൻ കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ജനങ്ങളോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ഏഴ് വർഷക്കാലംകൊണ്ട് ഇന്ധനവില വർധനവിലൂടെ 24 ലക്ഷം കോടിയിലേറെ രൂപ സാധാരണക്കാരായ ജനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാരിന് ലഭിച്ചു. പെട്രോൾ ഡീസൽ എന്നിവയുടെ വില നാൾക്കുനാൾ വർധിക്കുന്നതിനൊപ്പം പാചകവാതക വിലയും വർധിക്കുന്നത് സാധാരണക്കാരൻ്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. വിലക്കയറ്റ മുക്ത ഭാരതം സൃഷ്ടിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.
അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന നിർണായക യോഗത്തിൽ പാർട്ടി മെമ്പർഷിപ്പ് വിതരണം അതിവേഗം പൂർത്തിയാക്കാൻ ഭാരവാഹികൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകി. സംഘടനാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നിർദേശം. പുതിയ അധ്യക്ഷനെ കണ്ടെത്താൻ സംഘനാ തെരഞ്ഞെടുപ്പ് നടപടികൾ ചർച്ച ചെയ്യാനാണ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്.