രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക സമരത്തിന്; ഇന്ന് മുതൽ ജയ്ഭാരത് സത്യഗ്രഹം
അയോഗ്യതാ നടപടി ചോദ്യം ചെയ്യാനും അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനും ആണ് കോൺഗ്രസിന്‍റെ നീക്കം
ഡല്‍ഹി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്ക് എതിരെ കോൺഗ്രസിന്‍റെ രാജ്യവ്യാപക സമര പരമ്പരയ്ക്ക് ഇന്ന് തുടക്കം. നാല് തലങ്ങളിലായി ഇന്ന് മുതൽ ആരംഭിക്കുന്ന ജയ് ഭാരത് സത്യഗ്രഹം ഏപ്രിൽ എട്ടിന് സമാപിക്കും . അയോഗ്യതാ നടപടി ചോദ്യം ചെയ്യാനും അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനും ആണ് കോൺഗ്രസിന്‍റെ നീക്കം .
നുക്കഡ് സഭകൾ എന്നറിയപ്പെടുന്ന രാഷ്ട്രീയ പൊതുയോഗങ്ങൾ ആണ് ജയ് ഭാരത് സത്യാഗ്രഹത്തിൻ്റെ ആദ്യപടി. ബ്ലോക്ക് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും ആണ് സമരം ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത്. ജില്ലാ തലത്തിൽ ന്യൂനപക്ഷ എസ് സി എസ്ടി വിഭാഗങ്ങൾ മഹാത്മാ ഗാന്ധിയുടെയോ അംബേദ്കറുടെയോ പ്രതിമയ്ക്ക് മുന്നിൽ ഇന്ന് പ്രതിഷേധിക്കും. വരും ദിവസങ്ങളിൽ സംസ്ഥാന ദേശീയ തലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നാണ് കോൺഗ്രസിൻ്റെ പ്രഖ്യാപനം. തെരുവിൽ പോരാട്ടം തുടരുന്നതിന് ഒപ്പം പാർലമെൻ്റിനു അകത്തും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് എതിരെ ഇന്നും പ്രതിഷേധം ശക്തമായി തന്നെ തുടരും. 19 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ഉണ്ടെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോഴും ശിവസേന ഉദ്ധവ് താക്കറെ പക്ഷം പൂർണ യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശം ശിവസേനയെ പ്രകോപിപ്പിച്ചതിന് പിന്നാലെ ശിവസേനയുടെ എതിർപ്പ് എൻസിപി അധ്യക്ഷൻ ശരദ് പവാർ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിരുന്നു.
ഇന്നലെയും പ്രതിപക്ഷം രാഹുൽ ഗാന്ധി വിഷയത്തിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ചപ്പോൾ സവർക്കർ പരാമർശത്തെ തുടർന്ന് ഉദ്ധവ് പക്ഷ ശിവസേന പ്രതിഷേധത്തിൽ നിന്നും വിട്ട് നിന്നിരുന്നു. പ്രതിപക്ഷവുമായി സഭയിലും പുറത്തും രാഷ്ട്രീയ ഏറ്റുമുട്ടലിന് ഒരുങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ബി.ജെ.പി എം.പിമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദ്യം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച സഭാ സമ്മേളനം പ്രതിപക്ഷ എതിർപ്പ് അവഗണിച്ച് മുന്നോട്ട് കൊണ്ട് പോകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതും ബി.ജെ.പിയുടെ നീക്കത്തിൻ്റെ ഭാഗമായാണ്.