കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ്; എന്‍.ഐ.എ അന്വേഷിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
നിസാര ഹരജികള്‍ സമര്‍പ്പിക്കപ്പെടുന്നതില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയമായെന്നും കോടതി നിരീക്ഷിച്ചു.
'കോണ്‍ഗ്രസ് ടൂള്‍കിറ്റ്' കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹരജി സുപ്രീംകോടതി തളളി. ഹരജിക്കാരന് ടൂള്‍കിറ്റിനോട് താത്പര്യമില്ലെങ്കില്‍ അതിനെ അവഗണിച്ചാല്‍ മതിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഇതൊക്കെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ തന്ത്രം മാത്രമാണ്. ഇത്തരം നിസാര ഹരജികള്‍ സമര്‍പ്പിക്കപ്പെടുന്നതില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയമായെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു. കോവിഡിന്റെ ഇന്ത്യന്‍ വകഭേദം എന്നതടക്കമുള്ള പ്രയോഗങ്ങള്‍ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്നതാണെന്ന് ഹരജിക്കാരന്‍റെ അഭിഭാഷകന്‍ ശശാങ്ക് ശങ്കര്‍ ഝാ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന കാര്യം അറിയില്ലേ എന്നും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രചാരണത്തെ നിയന്ത്രിക്കാന്‍ കോടതിക്ക് കഴിയുമോ എന്നും ഡി.വൈ ചന്ദ്രചൂഢ് ചോദിച്ചു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് തെളിയിക്കപ്പെട്ടാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹരജി. അതേസമയം, ടൂള്‍കിറ്റ് വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുന്ന കാര്യം രണ്ടംഗ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് എം.ആര്‍ ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മോശമായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസ് ടൂള്‍കിറ്റ് തയ്യാറാക്കിയതെന്നാണ് ബി.ജെ.പിയുടെ ആരോപണം.