മധ്യപ്രദേശിൽ കോണ്‍ഗ്രസ് ബജ്‌റങ്ദളിനെ നിരോധിക്കില്ല; കലാപകാരികളെയും ഗുണ്ടകളെയും നിലയ്ക്കുനിർത്തും-ദിഗ്‌വിജയ സിങ്

''ഈ രാജ്യം എല്ലാവരുടേതുമാണ്; ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും സിഖുകാരന്റെയും ക്രിസ്ത്യാനിയുടേതുമെല്ലാം. നരേന്ദ്ര മോദിയും ശിവരാജ് സിങ് ചൗഹാനും രാജ്യത്തെ വിഭജിക്കുന്നതു നിർത്തണം. രാജ്യത്ത് സമാധാനം സ്ഥാപിക്കണം.''

Update: 2023-08-18 09:28 GMT
Editor : Shaheer | By : Web Desk

ദിഗ്‍വിജയ സിങ്

Advertising

ഭോപ്പാൽ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ ചർച്ചയായി ബജ്‌റങ്ദൾ നിരോധനം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബജ്‌റങ്ദളിനെ നിരോധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ദിഗ്‌വിജയ സിങ് വ്യക്തമാക്കി. എന്നാൽ, ഗുണ്ടകളെയും കലാപകാരികളെയും നിലയ്ക്കുനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഭോപ്പാലിൽ മധ്യപ്രദേശ് കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിഗ്‌വിജയ സിങ്. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേക്കു തിരിച്ചെത്തിയാൽ ബജ്‌റങ്ദളിനെ നിരോധിക്കുമോ എന്നായിരുന്നു മാധ്യമപ്രവർത്തരുടെ ചോദ്യം. ഇതിനോടുള്ള കോൺഗ്രസ് നേതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''ഞങ്ങൾ ബജ്‌റങ്ദളിനെ നിരോധിക്കില്ല. അക്കൂട്ടത്തിലും നല്ല മനുഷ്യരുണ്ടാകും. എന്നാൽ, കലാപങ്ങളിലും അക്രമങ്ങളിലും ഭാഗമാകുന്ന ഒരാളെയും വെറുതെവിടില്ല.''

ഹിന്ദുത്വത്തെക്കുറിച്ചുള്ള നിലപാടും മാധ്യമങ്ങൾ ആരാഞ്ഞു. താനൊരു ഹിന്ദുവായിരുന്നു, ഇപ്പോഴും ആണ്, ഇനിയും അങ്ങനെത്തന്നെ ആയിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ''ഹിന്ദു മതാനുയായിയാണു ഞാൻ. സനാതന ധർമമാണു ഞാൻ പിന്തുടരുന്നത്. മുഴുവൻ ബി.ജെ.പി നേതാക്കളെക്കാളും വലിയ ഹിന്ദുവാണ് ഞാൻ. ഈ രാജ്യം എല്ലാവരുടേതുമാണ്; ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും സിഖുകാരന്റെയും ക്രിസ്ത്യാനിയുടേതുമെല്ലാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും (മധ്യപ്രദേശ്) മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രാജ്യത്തെ വിഭജിക്കുന്നതു നിർത്തണം. രാജ്യത്ത് സമാധാനം സ്ഥാപിക്കണം. സമാധാനത്തിലൂടെ മാത്രമേ രാജ്യത്തിനു പുരോഗതിയുണ്ടാകൂ''-ദിഗ്‌വിജയ സിങ് കൂട്ടിച്ചേർത്തു.

നേരത്തെ കോൺഗ്രസ് ആസ്ഥാനത്തു നടന്ന പരിപാടിയിലും ബി.ജെ.പി സർക്കാരുകൾക്കെതിരെ ദിഗ്‌വിജയ സിങ് ആഞ്ഞടിച്ചു. 20 വർഷമായി ബി.ജെ.പിയുടെ ദുർഭരണമാണു നടക്കുന്നത്. എല്ലായിടത്തും അഴിമതിയാണ്. ജോലിക്കും കരാറിനും മതരംഗത്തുമടക്കം അഴിമതി നടക്കുന്നു. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിൽ വരെ അഴിമതിയാണ്. രാമക്ഷേത്രത്തിനു വേണ്ടി കോടികളാണു പിരിച്ചിട്ടുള്ളത്. എന്നാൽ, അതിന്റെ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ടു കോടി വിലയുള്ള ഭൂമി 20 കോടി രൂപയ്ക്കാണു ക്ഷേത്ര നിർമാണത്തിനായി വാങ്ങിയിരിക്കുന്നത്. അവർ(ബി.ജെ.പി) ഹിന്ദുമതത്തെക്കുറിച്ചു പറയുന്നുണ്ടെങ്കിലും അതുമായി അവർക്ക് ഒരു ബന്ധവുമില്ല. ഹിന്ദുത്വയും ഹിന്ദുമതവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് സവർക്കർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ദിഗ്‌വിജയ സിങ് ചൂണ്ടിക്കാട്ടി.

Summary: We won’t ban Bajrang Dal in Madhya Pradesh, but goons won’t be spared: Digvijaya Singh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News