ബംഗളുരു സർവകലാശാല കാമ്പസിൽ ഗണേശ ക്ഷേത്ര നിർമാണം; പ്രതിഷേധവുമായി വിദ്യാർഥികൾ
സർവകലാശാലയെ കാവിവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി.
ബംഗളുരു: ബാംഗ്ലൂർ സർവകലാശാല കാമ്പസിൽ ഗണേശ ക്ഷേത്ര നിർമാണവുമായി നഗര ഭരണകൂടം. ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബി.ബി.എം.പി)യാണ് സർവകലാശാല വളപ്പിനുള്ളിൽ ക്ഷേത്രം നിർമിക്കുന്നത്. ക്ഷേത്ര നിർമാണത്തിനെതിരെ വിദ്യാർഥി പ്രതിഷേധം ശക്തമായി.
സർവകലാശാലയെ കാവിവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി. രജിസ്ട്രാർ, വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവരുടെ എതിർപ്പ് മറികടന്നാണ് ബി.ബി.എം.പി കാമ്പസിനകത്ത് ക്ഷേത്ര നിർമാണവുമായി മുന്നോട്ടുപോകുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.
നിർമാണ ചുമതലയുള്ള ബി.ബി.എം.പി എൻജിനീയർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗവർണർ, ചീഫ് സെക്രട്ടറി, ബി.ബി.എം.പി ചീഫ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകാനും വിദ്യാർഥികൾ തീരുമാനിച്ചു.
അതേസമയം, സർവകലാശാലയുടെ മൈസൂർ റോഡ് മല്ലത്തഹള്ളിയിലുള്ള ജ്ഞാനഭാരതി കാമ്പസിൽ നേരത്തെ ഒരു ഗണേശ ക്ഷേത്രം ഉണ്ടായിരുന്നതായി ബി.ബി.എം.പി അധികൃതർ പറയുന്നു. റോഡിന്റെ വീതികൂട്ടാനായി ക്ഷേത്രം പൊളിക്കേണ്ടിവന്നു. ഈ ക്ഷേത്രം സർവകലാശാലാ വളപ്പിനുള്ളിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണെന്നാണ് ബി.ബി.എം.പി അധികൃതരുടെ വിശദീകരണം.
എന്നാൽ, യുജിസി നൽകുന്ന മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സർവകലാശാല വിദ്യാഭ്യാസത്തിനുള്ള കേന്ദ്രമാണെന്നും മതാചാരത്തിനുള്ള സ്ഥലമല്ലെന്നും വിദ്യാർഥികൾ പറഞ്ഞു. രജിസ്ട്രാറുടെയും വൈസ് ചാൻസലറുടെയും വിലക്ക് മറികടന്നായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.