ആശിഷ് മിശ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് മൊഴികളിലെ വൈരുദ്ധ്യം
ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസ് ലഖിംപൂര്‍ ഖേരിയിലെ കോടതിയില്‍ നാളെ അപേക്ഷ സമര്‍പ്പിക്കും.
ലഖിംപൂര്‍ കര്‍ഷക കൂട്ടകക്കൊലയില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് മൊഴികളിലെ വൈരുദ്ധ്യം. സംഭവത്തില്‍ പങ്കില്ലെന്നും സ്ഥലത്തുണ്ടായിരുന്നില്ലെന്നുമുള്ള ആശിഷിന്റെ വാദം തെളിവുകള്‍ നിരത്തി പോലീസ് പൊളിച്ചു.
പന്ത്രണ്ട് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലില്‍ അര മണിക്കൂര്‍ മാത്രമാണ് ആശിഷ് മിശ്ര അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിച്ചത്. ടിക്കു നിയയില്‍ വാഹനം കയറ്റി കര്‍ഷകരെ കൊലപെടുത്തുമ്പോള്‍ താന്‍ സംഭവ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന വാദമാണ് പോലീസിന് മുന്നില്‍ ആശിഷ് ഉയര്‍ത്തിയത്. എന്നാല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ച പോലീസ് ആശിഷിന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു. വാഹനത്തില്‍ ആശിഷ് ഉണ്ടായിരുന്നുവെന്ന കര്‍ഷകരുടെ മൊഴിയും അറസ്റ്റിലേക്ക് കാര്യങള്‍ എത്തിച്ചു. ആശിഷ് മിശ്ര വാഹനത്തിലുണ്ടായിരുന്നതിനുളള വീഡിയോ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു
കര്‍ഷകര്‍ക്ക് മുകളിലൂടെ കയറിയ വാഹനം ഓടിച്ചിരുന്നത് ആശിഷിന്റെ ഡ്രൈവറാണെന്നും പോലീസ് സ്ഥിരീകരിച്ചു. വാഹനം ഓടിച്ചിരുന്നത് തന്റെ ഡ്രൈവര്‍ അല്ലന്നായിരുന്നു ആശിഷിന്റെ മൊഴി. കൂടുതല്‍ അന്വേഷണത്തില്‍ ഈ കാര്യവും കളളമാണെന്ന് തെളിഞ്ഞു. ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസ് ലഖിംപൂര്‍ ഖേരിയിലെ കോടതിയില്‍ നാളെ അപേക്ഷ സമര്‍പ്പിക്കും. ജാമ്യത്തിന് പ്രതിഭാഗം ശ്രമിക്കുമെങ്കിലും കൊലപാതക കുറ്റം ചുമഴ്ത്തിയിട്ടുള്ളതിനാല്‍ അതിന് സാധ്യതയുമില്ല.
അതേസമയം, ആശിഷ് മിശ്ര അറസ്റ്റിലായതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജി വെയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കി. ലഖിംപൂര്‍ കര്‍ഷക കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം അനുമതി തേടി.