വിവാഹത്തിനു വേണ്ടി മതം മാറുന്നത് തെറ്റ്, ഹിന്ദു മത മൂല്യങ്ങള്‍ വീട്ടില്‍ നിന്ന് പഠിപ്പിക്കണം: മോഹന്‍ ഭാഗവത്
ആര്‍എസ്എസ് പരിപാടികളില്‍ പുരുഷന്മാരെ മാത്രമാണ് കാണുന്നതെന്ന പ്രശ്‌നവും ആര്‍എസ്എസ് നേതാവ് ഉന്നയിച്ചു.
ഹിന്ദു ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിവാഹത്തിന് വേണ്ടി മതം മാറുന്നത് തെറ്റാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു മത മൂല്യങ്ങളും ആചാരങ്ങളും വീട്ടില്‍ നിന്ന് പഠിപ്പിക്കാത്തത് കൊണ്ടാണ് ചെറുപ്പക്കാരില്‍ ഇത് സംഭവിക്കുന്നതെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു.
''എങ്ങനെയാണ് മത പരിവര്‍ത്തനം സംഭവിക്കുന്നത്. നമ്മുടെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും മറ്റു മതങ്ങളെ എങ്ങനെ സ്വീകരിക്കുന്നു. വിവാഹം പോലുള്ള ചെറിയ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത്. നമ്മളല്ല നമ്മുടെ കുട്ടികളെ ഒരുക്കുന്നത്. ഹിന്ദു മതത്തിന്റെ മൂല്യങ്ങള്‍ വീട്ടില്‍ നിന്നു തന്നെ നല്‍കണം. നമ്മുടെ മതത്തിലും അഭിമാനം വളര്‍ത്തണം. പ്രാര്‍ത്ഥനാ പാരമ്പര്യങ്ങളോടുള്ള ബഹുമാനമുണ്ടാകണം. അതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടായാല്‍ അവയ്ക്ക് ഉത്തരം നല്‍കാന്‍ അവര്‍ ആശയക്കുഴപ്പത്തിലാകരുത്.'' ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്ന ആര്‍എസ്എസ് പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും പങ്കെടുത്ത പരിപാടിയില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.
''ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നമ്മുടെ കുട്ടികള്‍ എന്താണ് കാണുന്നതെന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. മയക്കുമരുന്ന് കേസുകള്‍ കാണുമ്പോള്‍ ഇതൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കിയാല്‍ ആര്‍ക്കാണ് ഇതിന്റെ പ്രയോജനമെന്ന് മനസ്സിലാകും.'' ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. പക്ഷേ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പുരുഷന്മാരെ മാത്രമാണ് കാണുന്നതെന്ന പ്രശ്‌നവും ആര്‍എസ്എസ് നേതാവ് ഉന്നയിച്ചു. ബിജെപി ഭരണത്തിലുള്ള വിവിധ സംസ്ഥാനങ്ങളില്‍ ലവ് ജിഹാദിനെതിരായ നിയമ സംവിധാനം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാകുമ്പോഴാണ് മോഹന്‍ ഭാഗവതിന്റെ ഈ പരാമര്‍ശം.