രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാനവട്ട ഒരുക്കത്തിൽ; 'ഹർ ഘർ തിരംഗ' കാമ്പയിൻ ഇന്നും തുടരും
നോർത്ത്-സൗത്ത് ബ്ലോക്കുകൾ, ഇന്ത്യാ ഗെയ്റ്റ് എല്ലാം ത്രിവർണ ശോഭയിൽ തിളങ്ങുകയാണ്. ചെങ്കോട്ടയിലും പരിസരത്തും അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാന വട്ട ഒരുക്കങ്ങളിലാണ് രാജ്യം. ചെങ്കോട്ടയും പരിസരപ്രദേശങ്ങളും ത്രിവർണ പതാകകൾകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഭീകരാക്രമണ മുന്നറിയിപ്പുകൾ ഉള്ളതിനാൽ അതീവ സുരക്ഷ ആണ് ഡൽഹിയിൽ ഒരുക്കിയിട്ടുള്ളത്. രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
നോർത്ത്-സൗത്ത് ബ്ലോക്കുകൾ, ഇന്ത്യാ ഗെയ്റ്റ് എല്ലാം ത്രിവർണ ശോഭയിൽ തിളങ്ങുകയാണ്. ചെങ്കോട്ടയിലും പരിസരത്തും അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 'ഹർ ഘർ തിരംഗ' കാമ്പയിൻ ഇന്നും തുടരും. ദേശീയ പതാകകളേന്തിയുളള ജാഥകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നടക്കും.
ഭീകരാക്രമണ മുന്നറിയിപ്പുകൾ ഉള്ളതിനാൽ പഴുതടച്ച സുരക്ഷയാണ് ഡൽഹിയിലും സുപ്രധാന നഗരങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ആയിരത്തിലധികം പൊലീസുകാരെ ഡൽഹിയിൽ മാത്രം വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകൾ നിരീക്ഷണത്തിന് സ്ഥാപിച്ചു. ഇന്നും നാളെയും രാജ്യ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.