വിവാഹം രജിസ്റ്റർ ചെയ്യാൻ നേരിട്ട് ഹാജരാകേണ്ട ; ഡൽഹി ഹൈക്കോടതി
വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ദമ്പതികൾ നേരിട്ട് ഹാജരാകണമെന്നായിരുന്നു ഡൽഹി സർക്കാരിൻ്റെ വാദം.
വിവാഹം രജിസ്റ്റർ ചെയ്യാൻ ദമ്പതികൾ നേരിട്ട് ഹാജരാകേണ്ടെന്ന് ഡൽഹി ഹൈക്കോടതി. വീഡിയോ കോൺഫറൻസിലൂടെ ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പിൽ ഹാജരായാൽ മതിയെന്നാണ് കോടതി വിധിച്ചത്.
അമേരിക്കയിലുള്ള ഇന്ത്യൻ ദമ്പതികൾ വിവാഹ രജിസ്ട്രേഷനായി സമർപ്പിച്ച ഹരജിയിലാണ് കോടതി വാദം കേട്ടത്. ഡൽഹിയിൽ തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ദമ്പതികൾ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ദമ്പതികൾ നേരിട്ട് ഹാജരാകണമെന്നായിരുന്നു ഡൽഹി സർക്കാരിൻ്റെ വാദം. ലൈവായി ഫോട്ടോ എടുക്കേണ്ടതിനാൽ വീഡിയോ കോൺഫ്രൻസിലൂടെ ഹാജരാകുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വ്യക്തിപരമായ സാന്നിധ്യം എന്നത് നേരിട്ടുള്ള സാന്നിധ്യം എന്നല്ല അർത്ഥമാക്കുന്നതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് രേഖ പള്ളി പറഞ്ഞു.