കടുവ സങ്കേതത്തിൽ നാടൻ ബോംബ് വിഴുങ്ങി പശു ചത്തു; രണ്ടുപേർ അറസ്റ്റിൽ
ചെറിയ മൃഗങ്ങളെ വേട്ടയാടാനായി പുല്ലിനടിയിൽ ഒളിപ്പിച്ചതായിരുന്നു നാടൻ ബോംബെന്ന് പ്രതികള്‍ സമ്മതിച്ചു
ചെന്നൈ: സത്യമംഗലം കടുവ സങ്കേതത്തിൽ നാടൻ ബോംബ് വിഴുങ്ങി പശു ചത്തു. തമിഴ്‌നാട്ടിലെ തലവടിയിൽ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.
കെ തായപ്പ എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുവാണു ചത്തത്. സത്യമംഗലം കടുവ സങ്കേതത്തിന്റെ പരിധിയിലുള്ള വനം പ്രദേശത്ത് വെള്ളിയാഴ്ച വൈകീട്ട് മേയാൻ വിട്ടതായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് പുല്ലിനിടയിൽ ഒളിപ്പിച്ചുവച്ചിരുന്ന നാടൻ ബോംബ് വിഴുങ്ങിയത്. പിന്നാലെ ബോംബ് പൊട്ടിത്തെറിച്ച് മുഖത്തും വായിലും ഗുരുതരമായി പരിക്കേറ്റ പശുവിനെ സമീപത്തെ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണു പശു ചത്തത്.
സംഭവത്തിനു പിന്നാലെ തലവടി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുകാരെ ചോദ്യംചെയ്തപ്പോഴാണ് ചെറിയ വന്യമൃഗങ്ങളെ വേട്ടയാടാനായി നാടൻ ബോംബ് പുല്ലിനിടയിൽ ഒളിപ്പിച്ചുവച്ചതായിരുന്നുവെന്ന് വ്യക്തമായത്. സൂസൈയ്യപുരം സ്വദേശികളായ ലൂർത്തുരാജ്(45), രംഗസ്വാമി(37) എന്നിവരാണു സംഭവത്തിൽ പിടിയിലായത്. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികളെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ 15 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Summary: Cow dies after biting country-made bomb in the Sathyamangalam Tiger Reserve