'പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കില്ല'; പാർലമെന്റിൽ കേന്ദ്രമന്ത്രി
ഇന്ത്യയുടെ ദേശീയമൃഗം കടുവയാണെന്നും പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കില്ലെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ജി.കിഷൻ റെഡ്ഡി
ന്യൂഡൽഹി: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രം പാർലമെന്റിൽ. ഇന്ത്യയുടെ ദേശീയമൃഗം കടുവയാണെന്നും പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കില്ലെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡിയാണ് പാർലമെന്റിൽ വ്യക്തമാക്കിയത്.
പശുവിനെ ദേശീയ മൃഗമാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടോയെന്ന ബിജെപി എംപി ഭഗീരഥ ചൗധരിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഭാരതത്തിന്റെയും സനാതന സംസ്‌കാരത്തിന്റെയും സംരക്ഷണവും പുനരുജ്ജവനവും പരിഗണിച്ച് നിയമനിർമാണത്തിലൂടെ ഗോമാതാ(പശു)യെ ദേശീയ മൃഗമാക്കുമോ എന്നതായിരുന്നു എംപിയുടെ ചോദ്യം.
കടുവയെയും മയിലിനെയുമാണ് യഥാക്രമം ഇന്ത്യയുടെ ദേശീയമൃഗം, ദേശീയ പക്ഷി എന്നിവയായി സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ളതെന്നും ഇവ രണ്ടും 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവികളാണെന്നും മന്ത്രി വിശദീകരിച്ചു.