ചെന്നൈയില്‍ നാശം വിതച്ച് പേമാരി; രണ്ടു മരണം, ആറ് ജില്ലകളിൽ റെഡ് അലർട്ടും പൊതു അവധിയും
നിരവധി ട്രെയിൻ ,വിമാന സർവീസുകളും റദ്ദാക്കി
ചെന്നൈ: ചെന്നൈ നഗരത്തെ തകര്‍ത്ത് തോരാമഴ. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. രണ്ടുമരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. രണ്ടു ദിവസം അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നാണു കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ചെന്നൈയിലും സമീപ ജില്ലകളിലും പൊതുഅവധി പ്രഖ്യാപിച്ചു. നിരവധി ട്രെയിൻ ,വിമാന സർവീസുകളും റദ്ദാക്കി.
കനത്ത മഴയെ തുടർന്ന് 118 ട്രെയിനുകൾ റദ്ദാക്കിയത്. കേരളത്തിലൂടെയുള്ള 35 ട്രെയിനുകളും ഇതിൽ ഉള്‍പ്പെടുന്നു. ഇന്ന് പുറപ്പെടേണ്ട എട്ട് ട്രെയിനുകൾ ആണ് റദ്ദാക്കിയത്.ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന മൈസൂരു ശതാബ്ദി എക്സ്പ്രസ്, കോയമ്പത്തൂർ കോവൈ എക്സ്പ്രസ്, കോയമ്പത്തൂർ ശതാബ്ദി എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു എസി ഡബിൾ ഡെക്കർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു ബൃന്ദാവൻ എക്സ്പ്രസ്, തിരുപ്പതി സപ്തഗിരി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.അതേസമയം, വെള്ളക്കെട്ട് കാരണം 14 സബ്‌വേകൾ അടച്ചു.
#WATCH | Tamil Nadu: Strong winds accompanied by heavy rainfall lash parts of Chengalpattu city.
— ANI (@ANI) December 4, 2023
(Visuals from Mahabalipuram Beach) pic.twitter.com/xJTwuaieTc
മിഗ്ജൗം ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാടും ആന്ധ്രയും അതീവജാഗ്രതയിലാണ്.കനത്ത മഴയിലും കാറ്റിലും ചെന്നൈ കാനത്തൂരിൽ പുതുതായി നിർമിച്ച മതിൽ തകർന്ന് രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.ജാർഖണ്ഡ് സ്വദേശികളാണ് മരിച്ചത്.അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിലും സമീപ ജില്ലകളിലും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയും കാറ്റും കാരണം ചെന്നൈ വിമാനത്താവളത്തിലെ വിമാന സർവീസുകളെ ബാധിച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും മറ്റു ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) ടീമുകളെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. പീർക്കൻകരനൈയ്ക്കും പെരുങ്ങലത്തൂരിനും സമീപം താംബരം പ്രദേശത്തെ വെള്ളക്കെട്ടിൽ കുടുങ്ങിയ പതിനഞ്ചോളം പേരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തി.ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ബേസിൻ ബ്രിഡ്ജിനും വ്യാസർപാടിക്കും ഇടയിലുള്ള 14-ാം നമ്പർ പാലം സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി അടച്ചു.
#WATCH | Tamil Nadu: A car was seen stuck in the massive waterlogging in Chennai's Velachery and Pallikaranai areas, caused due to heavy rainfall
— ANI (@ANI) December 4, 2023
(Video source: A local present at the site of the incident) pic.twitter.com/Lvl9MJnw0N
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.ഐഎംഡിയുടെ കണക്കനുസരിച്ച്, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ പരിധിയിലെ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ ലഭിച്ചു -- വലസരവാക്കം (154.2 മില്ലിമീറ്റർ), നുങ്കമ്പാക്കം (101.7 മില്ലിമീറ്റർ), ഷോളിങ്ങനല്ലൂർ (125.7 മില്ലിമീറ്റർ), കോടമ്പാക്കം (123.3 മില്ലിമീറ്റർ), മീനമ്പാക്കം ( 108 എംഎം) എന്നിങ്ങനെയാണ് കണക്ക്. സമീപ ജില്ലകളായ കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലും കനത്ത മഴ ലഭിച്ചു.