യു.പിയിൽ ദലിത് സഹോദരിമാരെ വയലില്‍ മരിച്ച നിലയിൽ കണ്ടെത്തി
ബലാത്സംഗവും കൊലപാതകവും ആരോപിച്ച് കുടുംബം
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ രണ്ട് സഹോദരിമാരെ വയലിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പെൺകുട്ടികളും പ്രായപൂർത്തിയാകാത്തവരാണ്. ദലിത് കുടുംബത്തിലെ അംഗങ്ങളായ ഇവരെ ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മരിച്ചത് പതിനഞ്ചും പതിനേഴും പ്രായമുള്ള സഹോദരിമാരാണ് മരിച്ചത്.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ബൈക്കിലെത്തിയ രണ്ടുപേർ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്നും കുടുംബം ആരോപിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. വൻ പൊലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ശരീരത്തിൽ പ്രത്യക്ഷത്തിൽ മുറിവുകളൊന്നുമില്ലെന്ന് ലഖ്നൗ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ലക്ഷ്മി സിംഗ് പറഞ്ഞു. വിദഗ്ധ സമിതിയാണ് പോസ്റ്റ്മോർട്ടം നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. 'കുടുംബം അവരുടെ പരാതിയിൽ പറയുന്നതെന്തും അടിസ്ഥാനമാക്കി ഞങ്ങൾ എഫ്ഐആർ ഫയൽ ചെയ്യും,'' അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്ക് മുകളിലൂടെ കാര്‍ ഓടിച്ചുകയറ്റിയ സ്ഥലത്തിന് സമീപത്താണ് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷയിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി ഉത്തർപ്രദേശ് സർക്കാരിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടന്നാക്രമിക്കുകയും ചെയ്തു.
'യോഗി സർക്കാരിന്‍റെ കീഴിലുള്ള ഗുണ്ടകൾ അമ്മമാരെയും സഹോദരിമാരെയും അനുദിനം ഉപദ്രവിക്കുന്നു, ഇത് വളരെ ലജ്ജാകരമാണ്. സർക്കാർ വിഷയം അന്വേഷിക്കണം, കുറ്റക്കാർക്ക് കഠിനമായ ശിക്ഷ ലഭിക്കണം," സമാജ്‌വാദി പാർട്ടി ട്വീറ്റ് ചെയ്തു. കോൺഗ്രസിന്റെ പ്രിയങ്ക ഗാന്ധി വദ്രയും ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ചു.
ലഖിംപൂരിൽ രണ്ട് സഹോദരിമാര്‍ മരിച്ച സംഭവം ഹൃദയഭേദകമാണ്. ആ പെൺകുട്ടികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയതാണെന്ന് ബന്ധുക്കൾ പറയുന്നു. എന്തുകൊണ്ടാണ് സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾ യുപിയിൽ വർധിക്കുന്നത്.' പ്രിയങ്ക ട്വീറ്റ് ചെയ്തു.