'താങ്കൾ ലോകത്തിന് മുഴുവൻ പ്രചോദനം' ; നരേന്ദ്രമോദിയോട് ഡാനിഷ് പ്രധാനമന്ത്രി
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സണ്‍ ഇന്ത്യയിലെത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് മുഴുവൻ പ്രചോദനമാണെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മെറ്റെ ഫ്രെഡെറിക്സണ്‍ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. രാഷ്ട്രപതി ഭവനിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മെറ്റെ ഫ്രെഡ്രിക്‌സണെ സ്വീകരിച്ചു.
'താങ്കള്‍ ലോകത്തിന് മുഴുവന്‍ പ്രചോദനമാണ്. പത്ത് ലക്ഷം വീടുകളിലേക്ക് ശുദ്ധജലവും പുനരുല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഊര്‍ജവും എത്തിച്ചതടക്കം നിങ്ങൾ നടത്തുന്ന പരിസ്ഥിതി സൗഹാർദ നടപടികളൊക്കെ പ്രശംസനീയമാണ്. ഡെന്മാർക്ക് സന്ദർശിക്കാനുള്ള എന്‍റെ ക്ഷണം താങ്കൾ സ്വീകരിച്ചതിൽ വലിയ സന്തോഷമുണ്ട്'. ഫ്രെഡെറിക്സണ്‍ പറഞ്ഞു.
ഒരു വർഷം മുമ്പ് നടന്ന കൂടിക്കാഴ്ചയിൽ വച്ച് പരിസ്ഥിതി സൗഹാർദത്തിലധിഷ്ടിതമായ ബന്ധം സ്ഥാപിച്ചെടുക്കാൻ ഡെന്മാർക്കും ഇന്ത്യയും ചേർന്ന് തീരുമാനമെടുത്തിരുന്നു എന്നും ഇന്ന് ആ സൗഹാർദം ഞങ്ങൾ വീണ്ടും പുതുക്കുകയാണ് എന്നും കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൂടിക്കാഴ്ചക്കിടയിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നാല് പുതിയ കരാറുകൾ ഒപ്പ് വച്ചു. ആദ്യമായാണ് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.