മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; സംസ്കാരത്തിനിടെ ജീവിതത്തിലേക്ക്, ഒടുവില്‍ കണ്ണീരിലാഴ്ത്തി പിഞ്ചുകുഞ്ഞിന്‍റെ വിയോഗം

തമിഴ്നാടിലെ തേനി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചത്

Update: 2021-07-06 06:02 GMT
Editor : Jaisy Thomas | By : Web Desk
Advertising

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി സംസ്കാരത്തിനിടെ ജീവിതത്തിലേക്ക് തിരികെയെത്തിയ പിഞ്ചുകുഞ്ഞ് ഒടുവില്‍ മരിച്ചു. തമിഴ്നാടിലെ തേനി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചത്. ഞായറാഴ്ചയായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശനിയാഴ്ചയാണ് 30കാരിയായ ഫാത്തിമ മേരിക്കും പിലവേന്ദ്ര രാജ പെണ്‍കുഞ്ഞ് ജനിക്കുന്നത്. ആറാം മാസത്തിലുണ്ടായ കുഞ്ഞിന് 700 ഗ്രാം മാത്രമായിരുന്നു തൂക്കം. കുഞ്ഞ് ജനിച്ചപ്പോള്‍ ചലനം ഉണ്ടായിരുന്നില്ല. പിന്നീട് നിരീക്ഷണത്തിലായിരുന്നു കുഞ്ഞ്. തുടര്‍ന്ന് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയും മൃതശരീരം ബന്ധുക്കള്‍ക്ക് കൈമാറുകയുമായിരുന്നു. തേനി-പെരിയാകുളം പ്രധാന റോഡിലുള്ള ശ്മശാനത്തില്‍ ഞായറാഴ്ച രാവിലെയായിരുന്നു കുഞ്ഞിന്‍റെ സംസ്കാരം.

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുട്ടി ചലിക്കുകയും ഉടനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. കുഞ്ഞിനെ വെന്‍റിലേറ്ററിലാക്കുകയും ചെയ്തു. ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്ന കുഞ്ഞ് ഓക്സിജന്‍ സഹായത്തോടെയാണ് ശ്വസിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ഉച്ചയോടെ ഹൃദയാഘാതം മൂലം കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. ''അവള്‍ ഞങ്ങളുടെ മൂന്നാമത്തെ കുട്ടിയായിരുന്നു.ഗര്‍ഭിണിയായിരിക്കുമ്പോള്‍ നടത്തിയ മൂന്ന് സ്കാനിംഗുകളിലും കുട്ടിക്ക് വളര്‍ച്ചയില്ലെന്ന് വ്യക്തമായിരുന്നു. എങ്കിലും അത്ഭുതം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍'' പിതാവ് പിലവേന്ദ്ര രാജ പറഞ്ഞു.

കുഞ്ഞ് ജീവനോടെ ഇരിക്കുമ്പോള്‍ മരിച്ചതായി പ്രഖ്യാപിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ കെ.വി മുരളീധരന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഡോക്ടർമാരെയും നഴ്‌സുമാരെയും ചോദ്യം ചെയ്യുമെന്നും തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ഡീൻ ബാലാജിനാഥൻ പറഞ്ഞു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News