ആര്യൻ കേസിലെ 'വിവാദ സാക്ഷി'; നാർകോട്ടിക്‌സ് സംഘത്തിന്റെ '25 കോടി ഡീൽ' വെളിപ്പെടുത്തി; പ്രഭാകർ സെയിലിന്‍റെ മരണത്തില്‍ ദുരൂഹത?

ആര്യന്‍ ഖാനെ കേസിൽനിന്ന് രക്ഷിക്കണമെങ്കിൽ 25 കോടി വേണമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നായിരുന്നു പ്രഭാകർ സെയിൽ വെളിപ്പെടുത്തിയത്

Update: 2022-04-02 12:06 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി)യുടെ സാക്ഷി പ്രഭാകർ സെയിലിന്റെ മരണത്തിനു പിന്നാലെ ദുരൂഹതയും ഉയരുകയാണ്. മരണത്തിൽ സംശയം പ്രകടിപ്പിച്ച മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീൽ ഡി.ജി.പിയോട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

36-ാം വയസിലായിരുന്നു സെയിലിന്റെ അന്ത്യം. ചമ്പൂരിലെ മഹുൽ ഏരിയയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചതെന്നാണ് പ്രഭാകർ സെയിലിന്റെ അഭിഭാഷകൻ തുഷാർ ഖണ്ഡാരെ അറിയിച്ചത്. എന്നാൽ, എൻ.സി.ബി സംഘത്തിന് ഏറെ തലവേദന സൃഷ്ടിച്ച സെയിലിന്റെ മരണം അസ്വാഭാവികമാണെന്ന ആരോപണവുമായി പ്രമുഖർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഗോസാവിയുടെ 'അംഗരക്ഷകൻ'; വാങ്കെഡെയ്ക്കും പണികൊടുത്ത സാക്ഷി

ലഹരി മരുന്ന് കേസിൽ അറസ്റ്റിലായിരുന്ന ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനൊപ്പമുള്ള സെൽഫിയിലൂടെ വാർത്തകളിൽ നിറഞ്ഞ സ്വതന്ത്ര കുറ്റാന്വേഷകൻ കെ.പി ഗോസാവിയുടെ അംഗരക്ഷകനാണെന്ന് പരിചയപ്പെടുത്തിയിരുന്നയാളാണ് പ്രഭാകർ സെയിൽ. എന്നാൽ, ഗോസാവിക്കും നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രഭാകർ കേസിൽ 'വിവാദ സാക്ഷി'യായി മാറുന്നത്.

ആര്യനെ കപ്പലിൽനിന്ന് അറസ്റ്റ് ചെയ്യുന്ന സമയത്ത് എൻ.സി.ബി ഉദ്യോഗസ്ഥരും കെ.പി ഗോസാവി അടക്കമുള്ള മറ്റ് ചിലരും ചേർന്ന് മറ്റൊരാളെ ഫോണിൽ ബന്ധപ്പെട്ട് 25 കോടി ആവശ്യപ്പെട്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ആര്യനെ കേസിൽനിന്ന് രക്ഷിക്കണമെങ്കിൽ 25 കോടി വേണമെന്നും ഇതിൽ എട്ടുകോടി റെയ്ഡ് നടത്തിയ സംഘത്തിന്റെ തലവൻ സമീർ വാങ്കെഡെയ്ക്ക് നൽകേണ്ടതുണ്ടെന്നും ഗോസാവി ആവശ്യപ്പെട്ടെന്നാണ് പ്രഭാകർ ആരോപിച്ചത്. എൻ.സി.ബി മുംബൈ സോണൽ ഡയരക്ടറാണ് സമീർ വാങ്കെഡെ.

ആരോപണങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കുകയും ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിക്കുകയും ചെയ്തു പ്രഭാകർ. എന്നാൽ, സെയിലിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിനു പിന്നാലെ ഉദ്യോഗസ്ഥർക്കും മറ്റ് ആരോപണവിധേയർക്കുമെതിരെ എൻ.സി.ബി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ആര്യന്റെ അറസ്റ്റിനു തൊട്ടടുത്ത ദിവസം തന്നെ ഗോസാവിക്ക് 50 ലക്ഷം ലഭിച്ചിട്ടുണ്ടെന്നും പ്രഭാകർ ആരോപിച്ചിട്ടുണ്ട്. വെളിപ്പെടുത്തലുകൾക്കു പിന്നാലെ ഗോസാവിയെ മുങ്ങുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇയാളെ ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ സമീർ വാങ്കെഡെ തള്ളിക്കളഞ്ഞിട്ടുണ്ട്.

മുംബൈയെ ഞെട്ടിച്ച രാത്രി

കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് മുംബൈ തീരത്തുനിന്ന് പുറപ്പെട്ട കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ എൻ.സി.ബി ഉദ്യോഗസ്ഥരുടെ മിന്നൽ റെയ്ഡ് നടന്നത്. എൻസിബി മുംബൈ സോണൽ ഓഫീസറായിരുന്ന സമീർ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റെയ്ഡിൽ ആര്യൻ ഖാനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു.

ഒക്ടോബർ മൂന്നിന് ആര്യൻറെ അറസ്റ്റ് രേഖപ്പെടുത്തി. റെയ്ഡിൽ കൊക്കെയിൻ, ഹാഷിഷ്, എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ പിടികൂടിയെന്നായിരുന്നു എൻ.സി.ബിയുടെ വാദം. എന്നാൽ ആ റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ചല്ല നടന്നത് എന്നാണ് എൻ.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘം പിന്നീട് കണ്ടെത്തിയത്.

ആര്യൻ ഖാൻ ഉൾപ്പെടെ 20ഓളം പേരാണ് ലഹരിക്കടത്ത് ആരോപിച്ച് അറസ്റ്റിലായത്. 26 ദിവസത്തെ ജയിൽവാസത്തിനുശേഷം ഒക്ടോബർ 28നാണ് ആര്യന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Summary: Who is Prabhakar Sail, witness in Aryan Khan drug case?

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News