തീവ്രത കുറഞ്ഞ് ബിപോർജോയ്; വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ്

ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജിതമാക്കി

Update: 2023-06-17 02:10 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി മാറി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജിതമാക്കി.

ഗുജറാത്തിലെ എട്ട് ജില്ലകളിൽ ആണ് ബിപോർജോയ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. ഇലക്ട്രിക് പോസ്റ്റുകൾ മറിഞ്ഞുവീണതിനെ തുടർന്ന് ഇരുട്ടിലായ ആയിരത്തിലേറെ ഗ്രാമങ്ങളിൽ വൈദ്യുത ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സർക്കാർ. ഗതാഗത തടസം സൃഷ്ടിച്ച് റോഡിലേക്ക് മറിഞ്ഞ് വീണ മരങ്ങളും നീക്കിവരികയാണ്. ആളപായം ഉണ്ടായില്ലെങ്കിലും കനത്ത നാശനഷ്ടമാണ് ബിപോർജോയ് ഗുജറാത്തിൽ സൃഷ്ടിച്ചത്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോയവര് ഇന്ന് വീടുകളിലേക്ക് മടങ്ങിയെത്താൻ തുടങ്ങും. സംസ്ഥാനത്ത് തകരാറിലായ ഇൻ്റർനെറ്റ് സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള നടപടിയും ഇന്നലെ രാത്രി മുതൽ ആരംഭിച്ചിട്ടുണ്ട്. ആകെ നാശനഷ്ടം സംബന്ധിച്ച് ഗുജറാത്ത് സർക്കാർ ഇന്ന് മുതൽ കണക്കെടുപ്പ് ആരംഭിക്കും. ഭക്ഷണവും മരുന്നും ഉൾപ്പടെയുള്ള അവശ്യ സാധനങ്ങൾ നാവിക സേന കരുതിയിട്ടുണ്ട്.

രാജസ്ഥാനിലെ തെക്ക് പടിഞ്ഞാറൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഗുജറാത്തിലെ പല ജില്ലകളിലും മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്. മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട കനത്ത മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ഇന്ന് വൈകീട്ടോടെ ബിപോർജോയിയുടെ ശക്തി പൂർണമായും ക്ഷയിച്ച് ന്യൂനമർദ്ദമായി മാറുമെന്നാണ് കണക്കാക്കുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News