രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസുകൾ പറ്റ്ന, ഹരിദ്വാർ കോടതികള്‍ ഇന്ന് പരിഗണിക്കും

രണ്ടിടത്തും രാഹുൽ നേരിട്ട് ഹാജരാകില്ല

Update: 2023-04-12 00:56 GMT
defamation case against rahul gandhi at patna and haridwar courts
AddThis Website Tools
Advertising

ഡല്‍ഹി: കോണ്‍ഗ്രസ് എം.പി രാഹുൽ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസുകൾ കോടതികള്‍ ഇന്ന് പരിഗണിക്കും. പറ്റ്ന, ഹരിദ്വാർ കോടതികളാണ് കേസ് പരിഗണിക്കുന്നത്. രണ്ടിടത്തും രാഹുൽ നേരിട്ട് ഹാജരാകില്ല.

ബി.ജെ.പി - ആർ.എസ്.എസ് നേതാക്കൾ നൽകിയ മാനനഷ്ടക്കേസുകളാണ് കോടതികൾ പരിഗണിക്കുന്നത്. എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് എതിരെയാണ് പറ്റ്ന കോടതിയിൽ മാനനഷ്ടക്കേസ്. രാജ്യസഭ എം.പി സുശീൽ കുമാർ മോദിയാണ് പരാതിക്കാരൻ. കേസിൽ രാഹുൽ ഗാന്ധിയോട് ഇന്ന് നേരിട്ടെത്തി മൊഴി നൽകാനാണ് കോടതി നിർദേശം. കേസിൽ പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴി കോടതി നേരത്തെ രേഖപ്പെടുത്തി. എന്നാൽ അസൗകര്യം ചൂണ്ടിക്കാട്ടി രാഹുൽ ഇന്ന് ഹാജരാകില്ല.

ആർ.എസ്.എസ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവർ എന്ന പരാമർശത്തിലാണ് ഹരിദ്വാർ കോടതിയിൽ രാഹുലിന് എതിരെ മാനനഷ്ടക്കേസ്. ആർ.എസ്.എസ് പ്രവർത്തകൻ കമൽ ഭഡോരിയാണ് പരാതിക്കാരൻ. ജനുവരിയിൽ അയച്ച വക്കീൽ നോട്ടീസിൽ രാഹുൽ പ്രതികരിച്ചിട്ടില്ല എന്നാണ് ഹരജിക്കാരൻ കോടതിയെ അറിയിച്ചിട്ടുള്ളത്. ആർ.എസ്.എസ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവർ എന്ന പരാമർശം രാഹുൽ നടത്തിയത് ജോഡോ യാത്രയ്ക്കിടെ കുരുക്ഷേത്രയിൽ വെച്ചാണ്. അതിനിടെ സൂറത്ത് സി.ജെ.എം കോടതി വിധി ചോദ്യംചെയ്ത് രാഹുൽ ഗാന്ധി നൽകിയ ഹരജി നാളെ സൂറത്ത് സെഷൻസ് കോടതി പരിഗണിക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News