ഡൽഹിയിൽ സ്വകാര്യസ്ഥാപനങ്ങൾ പൂർണമായും അടച്ചിടും; വർക്ക് ഫ്രം ഹോം നടപ്പാക്കാൻ നിർദേശം
അവശ്യസേവനങ്ങൾക്ക് ഇളവ്, ഹോട്ടലുകളും ബാറുകളും അടച്ചു
കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം നടപ്പാക്കും.സ്വകാര്യ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കരുതെന്ന് ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇതുവരെ നഗരത്തിലെ സ്വകാര്യ ഓഫീസുകൾക്ക് 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.
എന്നാൽ ബാങ്കുകൾ, അവശ്യ സേവനങ്ങൾ നൽകുന്ന കമ്പനികൾ, ഇൻഷുറൻസ്, മെഡിക്ലെയിം, ഫാർമ കമ്പനികൾ, അഭിഭാഷകരുടെ ഓഫീസുകൾ, കൊറിയർ സേവനങ്ങൾ, ബാങ്കിംഗ് ഇതര ധനകാര്യ കോർപ്പറേഷനുകൾ, സുരക്ഷാ സേവനങ്ങൾ, മാധ്യമങ്ങൾ, പെട്രോൾ പമ്പുകൾ, എണ്ണ, വാതക ചില്ലറ വിൽപ്പന, സംഭരണം എന്നിവയെല്ലാം ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ നഗരത്തിലെ റെസ്റ്റോറന്റുകളിലെ ഇരുന്ന് കഴിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. പാഴ്‌സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. കൂടാതെ ബാറുകളും അടച്ചിട്ടുണ്ട്.
ഡൽഹിയിൽ ഇന്നലെ മാത്രം 19000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേ സമയം ലോക് ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.