വിദ്വേഷ പ്രസംഗം: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ കേസെടുക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി

ഗോലി മാരോ സാലോ കോ...( ചതിയൻമാരെ വെടിവെച്ചു കൊല്ലും) എന്നായിരുന്നു ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തത്

Update: 2022-06-13 13:41 GMT
Editor : Dibin Gopan | By : Web Desk
Advertising

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ, എംപി പർവേശ് വർമ, മറ്റ് ബിജെപി നേതാക്കൾ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സിപിഎം നേതാക്കളായ ബൃന്ദ കാരാട്ട്, കെ.എം തിവാരി എന്നിവർ നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ജസ്റ്റിസ് ചന്ദ്ര ധാരി സിങാണ് ഹരജി തള്ളിയത്.

അനുരാഗ് ഠാക്കൂറും പർവേശ് വർമയും ആളുകളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചുവെന്നും അതിന്റെ ഫലമായി ഡൽഹിയിലെ രണ്ട് വ്യത്യസ്ത പ്രതിഷേധ സ്ഥലങ്ങളിൽ മൂന്ന് വെടിവയ്പ്പ് സംഭവങ്ങൾ നടന്നുവെന്നും വിചാരണ കോടതിയിൽ നൽകിയ പരാതിയിൽ സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യമുയർത്താൻ 2020 ജനുവരി 27ന് നടന്ന റാലിയിൽ അനുരാഗ് ഠാക്കൂർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു.

2020 ജനുവരി 28ന് പർവേശ് വർമ പ്രതിഷേധിക്കാർക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നും ഹരജിയിൽ പറയുന്നു. 153 എ, 153 ബി, 295 എ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യണമെന്നാണ് ഹരജിക്കാർ ആവശ്യപ്പെട്ടത്. ഐപിസി വകുപ്പുകൾ 298, 504, 505, 506 തുടങ്ങിയവ പ്രകാരവും കുറ്റം ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ കുറ്റങ്ങൾക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ ഏഴ് വർഷം ജയിൽ തടവാണ്.

പൊലീസ് കമ്മിഷണർ, പാർലമെൻറ് സ്ട്രീറ്റ് എസ്എച്ച്ഒ എന്നിവർക്ക് രേഖാമൂലം പരാതി നൽകിയിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ഹരജിക്കാർ വിചാരണ കോടതിയെ സമീപിച്ചത്. എന്നാൽ 2021 ഓഗസ്റ്റ് 26ന് കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടി വിചാരണ കോടതി പരാതി തള്ളുകയായിരുന്നു. ഗോലി മാരോ സാലോ കോ...( ചതിയൻമാരെ വെടിവെച്ചു കൊല്ലും) എന്നായിരുന്നു ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News