മദ്യനയക്കേസ്: മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയിൽ വിട്ടു

കേസിൽ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായിരുന്നു. കൂടുതൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും സിബിഐ കോടതിയെ അറിയിച്ചു

Update: 2023-02-27 14:22 GMT
Editor : abs | By : Web Desk
Advertising

ഡൽഹി: മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് അതീവ രഹസ്യമായിരുന്നു. കൂടുതൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു.

സിബിഐ ജഡ്ജി എൻ കെ നാഗ്പാലാണ് ഉത്തരവ് നൽകിയത്. മാർച്ച് നാല് രണ്ട് മണിക്ക് സിസോദിയയെ വീണ്ടും ഹാജരാക്കണം.തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്ന് മനീഷ് സിസോദിയ കോടതിയിൽ വാദിച്ചുചർച്ചകൾക്ക് ശേഷം മദ്യനയം സമ്പന്ധിച്ച രേഖകൾ ലെഫ്റ്റ്‌നെന്റ് ഗവർണറുടെ മുൻപിൽ എത്തിയിരുന്നുവെന്നും മനീഷ് സിസോദിയയുടെ അറസ്റ്റ് അദ്ദേഹത്തിൻറെ പ്രതിച്ഛായ നശിപ്പിക്കുന്നതിന് വേണ്ടിയാണെന്നുമായിരുന്നു വാദം. സിസോദിയയെ റിമാൻഡ് ചെയ്യുന്നത് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹത്തിൻറെ അഭിഭാഷകൻ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ ദയന്‍ കൃഷ്ണനാണ് സിസോദിയക്ക് വേണ്ടി ഹാജരായത്.

അതേസമയം, സിസോദിയെയുടെ അറസ്റ്റിനെ തുടർന്ന് ഡൽഹിയിൽ നാടകീയ രംഗങ്ങൾ. ബി.ജെ പി ആസ്ഥാനത്ത് പ്രതിഷേധിച്ച എ.എ.പി പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം എ.എ.പി ഓഫീസിന് മുന്നിലേക്ക് മാറ്റിയെങ്കിലും പൊലീസുമായി ഇവിടെയും പ്രശ്നങ്ങളുണ്ടായി. പാർട്ടി ഓഫീസിലേക്ക് കയറിയ പൊലീസിനെ എ.എ.പി പ്രവർത്തകർ തള്ളിപ്പുറത്താക്കി.മനീഷ് സിസോദിയയുടെ അറസ്റ്റിൽ രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ് ആം ആദ്മി പാർട്ടി. ഇന്നലെയാണ് മദ്യനയ കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തു ഒരു വർഷം തികയും മുൻപാണ് മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുൻപ് സിസോദിയയെ അന്വേഷണ സംഘം രണ്ട് തവണയായി 15 മണിക്കൂർ ചോദ്യംചെയ്തു.

രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത് എന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. അഴിമതിയിലൂടെ സിസോദിയ സമ്പാദിച്ചുവെന്ന് പറയപ്പെടുന്ന പണം അസംഖ്യം പരിശോധനകൾ നടത്തിയിട്ടും അന്വേഷണ സംഘത്തിന് എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും എ.എ.പി നേതാക്കള്‍ ചോദിക്കുന്നു. സിസോദിയയുടെ അറസ്റ്റ് അദ്ദേഹവും എ.എ.പിയും പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഇന്നലത്തെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ജയിലില്‍ പോകാന്‍ ഭയമില്ലെന്ന് സിസോദിയ ഇന്നലെ സി.ബി.ഐ ഓഫീസിലേക്ക് പോകുംമുന്‍പ് അണികളോട് പറഞ്ഞു."ഞാൻ 7-8 മാസം ജയിലിലായിരിക്കും. എന്നെയോര്‍ത്ത് വ്യസനിക്കേണ്ട. അഭിമാനിക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമുള്ള ഒരേയൊരു പാര്‍ട്ടിയാണ് എ.എ.പി. അതിനാലാണ് എന്നെ കള്ളക്കേസിൽ കുടുക്കുന്നത്. നിങ്ങൾ പോരാടണം. ആദ്യം മുതൽ എനിക്കൊപ്പം നിൽക്കുന്ന ഭാര്യ സുഖമില്ലാതെ വീട്ടിൽ തനിച്ചാണ്. അവരെ സംരക്ഷിക്കണം. ഡൽഹിയിലെ കുട്ടികളോട് എനിക്ക് പറയാനുള്ളത് നന്നായി പഠിക്കണമെന്നും മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കണമെന്നുമാണ്"- സിസോദിയ എ.എ.പി പ്രവര്‍ത്തകരോട് പറഞ്ഞു.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News