കെട്ടിട നിർമാണത്തിൽ അപാകത; മുണ്ട്ക തീപിടിത്തത്തിൽ വീഴ്ച ഡൽഹി കോർപ്പറേഷന്റേതെന്ന് കണ്ടെത്തൽ
തീപിടിത്തത്തിൽ 27 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
ഡൽഹി: മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുണ്ടായ തീപിടിത്തത്തിൽ വീഴ്ച സംഭവിച്ചത് കോർപ്പറേഷനെന്ന് കണ്ടെത്തൽ. മൂന്ന് ഉദ്യോഗസ്ഥരെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സസ്‌പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അനാസ്ഥയുണ്ടായെന്ന് കോർപ്പറേഷൻ നിയോഗിച്ച അന്വേഷണസംഘം വ്യക്തമാക്കി. നിയമ വിരുദ്ധമായാണ് കെട്ടിടം നിർമ്മിച്ചതെന്നും അന്വേഷണം സംഘം കണ്ടെത്തി.
തീപിടിത്തത്തിൽ 27 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 50 പേരെയാണ് രക്ഷപ്പെടുത്തിയത്. സ്റ്റേഷന് സമീപത്തുള്ള മൂന്നുനില ഓഫീസ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ചാടിയ പലർക്കും ഗുരുതര പരിക്കേറ്റു. രക്ഷപ്പെടാനായി കെട്ടിടത്തിൽ ചാടിയപ്പോൾ പരിക്കേറ്റാണ് കൂടുതൽ പേർ മരിച്ചത്. പൊള്ളലേറ്റ് മരിച്ചവരേക്കാൾ കൂടുതൽ പേർ ഇത്തരത്തിൽ മരിച്ചവരാണ്. തീപിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ടാണെന്നായിരുന്നു പ്രാഥമിക നിഗമനം. 24 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. NDRF ഉം രക്ഷാപ്രവർത്തനത്തിനിറങ്ങി. അതേസമയം, കെട്ടിട ഉടമകളായ ഹരീഷ് ഗോയലിനെയും വരുൺ ഗോയലിനെയും കസ്റ്റഡിയിലെടുത്തു.
അപകടത്തിൽപ്പെട്ടവർക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരുക്കേറ്റവരുടെ കുടുംബത്തിന് 50000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഡൽഹി മന്ത്രി സത്യേന്ദ്ര ജയിൻ സംഭവ സ്ഥലത്തെത്തി. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്ന് പ്രതികരിച്ചു. മരിച്ചവരുടെ കുടുംബത്തിനായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.