ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്
പ്രതികൂല കാലാവസ്ഥയെ തുടർന്ന് അമർനാഥ്, കേദാർനാഥ് തീർഥാടനങ്ങൾ നിർത്തി വെച്ചു
ഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അമർനാഥ്, കേദാർനാഥ് തീർഥാടനങ്ങൾ നിർത്തി വെച്ചു. അമർനാഥിൽ പ്രളയത്തിൽ അകപ്പെട്ടവരുടെ കണക്കെടുപ്പ് സംസ്ഥാനങ്ങൾ തുടങ്ങിയിട്ടുണ്ട്.
മിന്നൽ പ്രളയത്തിൽ മരിച്ച രാജസ്ഥാൻ സ്വദേശികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ധനസഹായം പ്രഖ്യാപിച്ചു. തീർഥാടനത്തിന് സംസ്ഥാനത്ത് നിന്ന് പോയ പൗരന്മാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളും ജാഗ്രത പുലർത്തുന്നുണ്ട്. കർണാടകയിൽ നിന്ന് തീർഥാടനത്തിന് പുറപ്പെട്ട 350 തീർത്ഥാടകർ കുടുങ്ങി കിടക്കുന്നതായി ആണ് സംസ്ഥാന സർക്കാരിന്‍റെ കയ്യിലുള്ള കണക്കുകൾ. അപകടത്തില്‍ പരിക്കേറ്റ 37 പേരാണ് ഇന്നലെ വൈകീട്ടോടെ ചികിത്സ പൂർത്തിയാക്കി മടങ്ങിയത്. 17 പേര് രാത്രിയോടെ ആശുപത്രി വിടുമെന്നും അധികൃതർ വൈകിട്ട് വ്യക്തമാക്കിയിരുന്നു.
മഴ ശക്തമായ സാഹചര്യത്തിൽ ഉത്തരാഖണ്ഡിലെ കേദാർനാഥ് യാത്രയും തടസപ്പെട്ടു. കാലാവസ്ഥ അനുകൂലമാകാതെ തീർഥാടനം പുനസ്ഥാപിക്കേണ്ടത് ഇല്ലെന്നാണ് കശ്മീർ പൊലീസിന്‍റെ തീരുമാനം. കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാദൗത്യം ഇന്നും തുടരും. ഹിമാചൽ പ്രദേശിലെ കുളു, ചമ്പ ജില്ലകളെ മഴക്കെടുതി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്ര ഗുജറാത്ത് സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസം മഴ പ്രതീക്ഷിക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.