ബ്രിജ് ഭൂഷണിൽ നിന്ന് ഡൽഹി പൊലീസ് മൊഴിയെടുത്തു
ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങൾ സമർപ്പിച്ച ഹരജിയിൽ ഈ മാസം 27ന് ഡൽഹി റോസ് അവന്യൂ കോടതി വാദം കേൾക്കും
ഡല്‍ഹി: ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിൽ നിന്ന് ഡൽഹി പൊലീസ് മൊഴിയെടുത്തു . കേസിന്‍റെ തല്‍സ്ഥതി റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങൾ സമർപ്പിച്ച ഹരജിയിൽ ഈ മാസം 27ന് ഡൽഹി റോസ് അവന്യൂ കോടതി വാദം കേൾക്കും.
ഡിസിപി ഉൾപ്പടെ നാല് വനിതാ ഉദ്യോഗസ്ഥരടങ്ങിയ പത്തംഗ സംഘത്തെ ആണ് ബ്രിജ് ഭൂഷണെതിരായ കേസ് അന്വേഷിക്കാൻ നിയോഗിച്ചിരിക്കുന്നത് എന്ന് ഡൽഹി പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ബ്രിജ്ഭൂഷണിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘം ബ്രിജ് ഭൂഷണിൽ നിന്നും ചില രേഖകൾ ആവശ്യപ്പെട്ടതായും സൂചന ഉണ്ട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ബ്രിജ് ഭൂഷണ് നിഷേധിച്ചു. ബ്രിജ് ഭൂഷണെതിരെ മേയ് 21ന് മുന്‍പ് നടപടി വേണമെന്ന് താരങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ആണ് പൊലീസ് നീക്കം.
ബ്രിജ്ഭൂഷണ് പുറമെ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അന്വേഷണത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ കീഴ്ക്കോടതിയെ സമീപിക്കാൻ സുപ്രിം കോടതിയാണ് താരങ്ങളോട് നിർദ്ദേശിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ താരങ്ങൾ നൽകിയ ഹരജിയാണ് ഈ മാസം 27ന് പരിഗണിക്കാമെന്ന് ഡൽഹി റോസ് അവന്യൂ കോടതി അറിയിച്ചത്. പ്രതിഷേധം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ മുന്നോടിയായാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും തൊഴിലാളികളും താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്ദറിലേക്ക് എത്തുന്നത്. ബി.കെ.യുവിൻ്റെ നേതൃത്വത്തിൽ ആണ് പഞ്ചാബിൽ നിന്നുള്ള കർഷകർ ഇന്ന് സമരപ്പന്തലിൽ എത്തിയത്.