സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും രക്ഷയില്ല; ഡി.വൈ ചന്ദ്രചൂഡിന്റെ വ്യാജ അക്കൗണ്ടിലൂടെ 500 രൂപ കടം ചോദിച്ച് സന്ദേശം; കേസ്
കൈലാഷ് മേഘ്‌വാൾ എന്നയാൾക്കാണ് സന്ദേശം ലഭിച്ചത്.
ന്യൂഡൽഹി: ഓൺലൈനിലൂടെയുള്ള പലതരം തട്ടിപ്പുകളും പല പ്രമുഖരുടെ പേരുകളിൽ പോലും വ്യാജ സോഷ്യൽമീഡിയ അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്. സാധാരണക്കാരും പൊതുപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ കലക്ടർമാരും മുതൽ സംസ്ഥാന പൊലീസ് മേധാവി, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി വരെയുള്ളവരുടെ പേരുകളിൽ ഇത്തരം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. തട്ടിപ്പുകാർ പലരും ഇന്നുവരെ പിടിക്കപ്പെട്ടിട്ടുമില്ല. ഇപ്പോഴിതാ, സാക്ഷാൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ പേരിൽ വരെ വ്യാജ അക്കൗണ്ടുണ്ടാക്കി പണം കൈക്കലാക്കാനുള്ള ശ്രമം നടന്നിരിക്കുന്നു.
ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേരിൽ സമൂഹമാധ്യമമായ എക്‌സിൽ വ്യാജ അക്കൗണ്ടുണ്ടാക്കി 500 രൂപ കടം ചോദിച്ചാണ് സന്ദേശം അയച്ചത്. കൈലാഷ് മേഘ്‌വാൾ എന്നയാൾക്കാണ് സന്ദേശം ലഭിച്ചത്.‘ഞാൻ സുപ്രിംകോടതി ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ്. കൊളീജിയത്തിന്റെ അടിയന്തര യോഗത്തിനായി വന്നതാണ്. ഇവിടെ കൊണോട്ട്‌പ്ലേസിൽ കുടുങ്ങിപ്പോയി. ടാക്‌സിക്ക് കൊടുക്കാൻ 500 രൂപ അയച്ചുതരാമോ?. കോടതിയിൽ തിരിച്ചെത്തിയാൽ ഉടനെ മടക്കിതരാം’– എന്നായിരുന്നു സന്ദേശം.
ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സുപ്രിംകോടതി അധികൃതർ പൊലീസിൽ പരാതി നൽകി. പരാതിയിൽ ഡൽഹി പൊലീസ് സൈബർ ക്രൈം വിഭാഗം കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.